രക്ഷാപ്രവർത്തനത്തിൻ്റെ ദൃശ്യങ്ങൾ 
NEWSROOM

ചാലിയാർ പുഴയിൽ തെരച്ചിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി; രാത്രി പുറത്തെത്തിക്കൽ ദുഷ്ക്കരമെന്ന് പൊലീസ്

ഇവർ കണ്ടെടുത്ത മൃതദേഹവുമായുള്ള യാത്ര പ്രായോഗികമല്ലെന്നും പൊലീസ് പറയുന്നു

Author : ന്യൂസ് ഡെസ്ക്

ചാലിയാർ പുഴയിൽ തെരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. എമർജൻസി റസ്ക്യു ഫോഴ്സ് (ഇആർഎഫ്) പ്രവർത്തകരാണ് കുടുങ്ങിയത്. വനത്തിനുള്ളിൽ കുടുങ്ങിയവർ വനംവകുപ്പിൻ്റെ കാന്തൻപാറ ഔട്ട്പോസ്റ്റിൽ സുരക്ഷിതരാണെന്ന് ഇ ആർ എഫ് പ്രവർത്തകർ അറിയിച്ചു.  14 ഇആർഎഫ് പ്രവർത്തകർ, 4 വെൽഫെയർ പാർട്ടി പ്രവർത്തകർ എന്നിവരാണ് വനമേഖലയിൽ കുടുങ്ങി കിടക്കുന്നത്.  പ്രദേശത്ത് നിന്നും ഇവർ ഒരു മൃതദേഹം കണ്ടെടുത്തിരുന്നു. കണ്ടെടുത്ത മൃതദേഹം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

രാത്രിയായതിനാൽ ഇവരെ പുറത്തെത്തിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. അതിനാൽ രാത്രി അവരെ വനത്തിലുള്ളിൽ തങ്ങാനനുവദിച്ച ശേഷം, നാളെ രാവിലെ പുറത്തെത്തിക്കാനുള്ള നടപടികളാണ് ഇപ്പോൾ പൊലീസ് നിർദേശിക്കുന്നത്. നിലവിൽ ഭക്ഷണവും ലൈറ്റുമുൾപ്പെടെ ഇവരുടെ കൈവശമുണ്ട്.  വന്യമൃഗങ്ങളുൾപ്പെടെ ഇറങ്ങുന്ന മേഖലയായതിനാൽ ഇവരെ രാത്രി തന്നെ പുറത്തെത്തിക്കുന്നത് പ്രയോഗികമല്ലെന്നും പൊലീസ് പറയുന്നു. ജില്ലാ പൊലീസ് മേധാവിയടക്കം സ്ഥലത്തെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്. അന്തിമതീരുമാനത്തിൽ എത്തിചേർന്നിട്ടില്ല. 

വയർലെസ് വഴി മാത്രമാണ് ഇപ്പോൾ രക്ഷാപ്രവർത്തകരെ ബന്ധപ്പെടാൻ കഴിയുന്നത്. 4 പേർ ക്ഷീണിതരാണെന്ന് ഇവർ അറിയിച്ചു. രക്ഷാപ്രവർത്തകർക്ക് കാടിനെ പറ്റി വ്യക്തമായ ധാരണയുണ്ടെന്നും അവർക്ക് തിരിച്ചെത്താനുള്ള വഴിയറിയാമെന്നും സഹപ്രവർത്തകർ പറയുന്നു.



SCROLL FOR NEXT