NEWSROOM

ഇനിയും 206 പേരെ കണ്ടെത്താനുണ്ട്, പരമാവധി ജീവനുകളെ രക്ഷിക്കുകയാണ് ലക്ഷ്യം, മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രയാസം നേരിടുന്നു: മുഖ്യമന്ത്രി

"81 പേർ പരുക്കേറ്റ് ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. 206 പേരെ ഡിസ്ചാർജ് ചെയ്തു ക്യാമ്പുകളിലേക്ക് മാറ്റി. നിലവിൽ വയനാട്ടിൽ 93 ക്യാമ്പുകളിൽ 10,042 പേർ താമസിക്കുന്നുണ്ട്. ചൂരൽമലയിൽ 10 ക്യാമ്പുകളിലായി 1707 പേർ താമസിക്കുന്നുണ്ട്," മുഖ്യമന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

വയനാട്ടിലെ ദുരന്തമേഖലയിൽ നിന്ന് പരമാവധി ജീവനുകളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും 206 പേരെ കൂടി കണ്ടെത്താനുണ്ടെന്നും, ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രയാസം നേരിടുന്നതായും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.



"പലയിടത്തായി നിസഹായമായി കുടുങ്ങിപ്പോയ പലരെയും കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള പ്രവർത്തനമാണ് ആദ്യ ഘട്ടത്തിൽ നടന്നത്. പരമാവധി ജീവനുകളെ രക്ഷിക്കാനുള്ള പ്രയത്നമാണ് സ്വജീവൻ പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തകർ ശ്രമിച്ചത്. ചാലിയാറിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രയാസം നേരിടുന്നു. ചാലിയാറിൽ നിന്ന് ഇതുവരെ 198 മൃതദേഹം കണ്ടെടുത്തു. 148 മൃതശരീരങ്ങൾ ബന്ധുക്കൾക്ക് കൈമാറി," മുഖ്യമന്ത്രി പറഞ്ഞു.

"ഇന്നലത്തെ തെരച്ചിലിൽ 11 മൃതദേഹങ്ങൾ കണ്ടെടുത്തു. തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവ സംസ്ക്കരിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തുകൾക്കാണ്. അത് തുടങ്ങിയിട്ടുണ്ട്. മൃതദേഹം സംസ്ക്കരിക്കാൻ സർവമത പ്രാർഥന നടത്തേണ്ട ചുമതല പഞ്ചായത്തുകൾക്കാണ്. മൃതദേഹം സംസ്ക്കരിക്കാൻ സർവമത പ്രാർഥന നടത്തേണ്ട ചുമതല പഞ്ചായത്തുകൾക്കാണ്. 81 പേർ പരുക്കേറ്റ് ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. 206 പേരെ ഡിസ്ചാർജ് ചെയ്തു ക്യാമ്പുകളിലേക്ക് മാറ്റി. നിലവിൽ വയനാട്ടിൽ 93 ക്യാമ്പുകളിൽ 10,042 പേർ താമസിക്കുന്നുണ്ട്. ചൂരൽമലയിൽ 10 ക്യാമ്പുകളിലായി 1707 പേർ താമസിക്കുന്നുണ്ട്," മുഖ്യമന്ത്രി പറഞ്ഞു.

"ദുരന്ത മേഖലയിലും ചാലിയാറിലും തെരച്ചിൽ തുടരുന്നുണ്ട്. ഇന്നലെ മാത്രം 40 ടീമുകൾ ആറ് സെക്ടറുകളിലായി തെരച്ചിൽ നടത്തി. 1419 പേരാണ് രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി അവിടെ തുടരുന്നത്. സിവിൽ ഡിഫൻസ് ഉൾപ്പെടെ ഫയർ ഫോഴ്സിൽ നിന്നും 460 പേർ, 120 എൻഡിആർഎഫ് അംഗങ്ങൾ, വനം വകുപ്പ് 56 പേർ, പൊലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിൽ നിന്ന് 64 പേർ, ഇന്ത്യൻ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിട്ടറി എഞ്ചിനീയറിംഗ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആൻഡ് എഞ്ചിനീയറിംഗ് ഗ്രൂപ്പ്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയിൽ നിന്ന് 640 പേർ, തമിഴ്നാട് ഫയർ ഫോഴ്സിൽ നിന്ന് 44 പേർ, കേരള പൊലീസിൻ്റെ ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്ന് 15 പേർ എന്നിങ്ങനെയാണ് രക്ഷാപ്രവർത്തകരുടെ കണക്കുകൾ," മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

SCROLL FOR NEXT