പാകിസ്ഥാനിൽ നിന്ന് ഇറാഖിലേക്ക് ഷിയ തീർഥാടകരുമായി പോയ ബസ് അപകടത്തിൽ പെട്ട് 35 മരണം. മധ്യ ഇറാനിയൻ പ്രവിശ്യയായ യാസ്ദിലാണ് അപകടമുണ്ടായത്. പാകിസ്ഥാനിൽ നിന്നും ഇറാനിലേക്കും, ഇറാനിൽ നിന്ന് ഇറാഖിലേക്കും എത്തിച്ചേരാൻ നിശ്ചയിച്ചിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ ഹുസൈൻ കർബല യുദ്ധത്തിൽ മരിച്ചതിനെ അടയാളപ്പെടുത്തി അർബെയിൻ അനുസ്മരണത്തിനായി ഇറാഖിലേക്ക് പോകുകയായിരുന്നു തീർഥാടകർ.
അപകടത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 14 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബസിൽ 53 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ഭൂരിഭാഗവും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാർക്കാന നഗരത്തിൽ നിന്നുള്ളവരാണ്. ബസിൻ്റെ ബ്രേക്ക് തകരാറിലായതും, ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റ തീർഥാടകരുടെ സുരക്ഷയിലും ക്ഷേമത്തിലും അതീവ ഉത്കണ്ഠയുണ്ടെന്നും ഇഷാഖ് ദാർ എക്‌സ് പോസ്റ്റിൽ കുറിച്ചു.