
റഷ്യ - യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ. മോസ്കോയിലെ ക്രെംലിന് 38 കിലോമീറ്റർ അകലെ തെക്കൻ ഭാഗത്തുള്ള നഗരത്തിലാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് മോസ്കോ മേയർ പറഞ്ഞു.
മോസ്കോയിലേക്ക് തൊടുത്തുവിട്ട പത്ത് ഡ്രോണുകൾ റഷ്യൻ വ്യോമസേന തകർത്തു. വ്യോമസേനയുടെ നേതൃത്വത്തിൽ ആക്രമണം പ്രതിരോധിക്കുകയാണെന്ന് മേയർ സെർഗെയ് സൊബായ്നിൻ ടെലിഗ്രാം ചാനലിലൂടെ സ്ഥിരീകരിച്ചു. മോസ്കോയിലേക്ക് നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഇതെന്നും, നിലവിലെ സാഹചര്യം പരിശോധിക്കുകയാണെന്നും മേയർ വ്യക്തമാക്കി. അതേ സമയം, ആക്രമണത്തിൽ ആർക്കും പരുക്കേറ്റതായി നിലവിൽ റിപ്പോർട്ടുകളില്ല. റഷ്യയിലെ കുര്‍സ്‌ക് മേഖലയിൽ യുക്രെയ്ൻ പോരാട്ടം ശക്തമാകുന്നതിനിടെയാണ് ടെസ്ലയുടെ സൈബർ ട്രക്കും യുദ്ധമുഖത്തേയ്ക്ക് അയക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.
യുക്രെയ്ൻ ശക്തമായ ആക്രമണം തുടരുന്നതിനിടെ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ചെച്നിയൻ നേതാവ് കദ്രോവുമായി കൂടിക്കാഴ്ച നടത്തി. 13 വർഷത്തിനിടെ പുടിൻ ആദ്യമായാണ് ചെച്നിയൻ നേതാക്കളെയും പ്രവർത്തകരെയും സന്ദർശിക്കുന്നത്. കുർക്സ് മേഖലയിൽ യുക്രെയ്ൻ സേനയുമായി കടുത്ത പോരാട്ടം നടക്കുന്ന സാഹചര്യത്തിലായിരുന്നു പുടിൻ്റെ സന്ദർശനം. ടെസ്ലയുടെ സൈബർ ട്രക്കിൽ മെഷീൻ ഗൺ ഘടിപ്പിച്ച വീഡിയോ ചെച്നിയൻ നേതാവ് കദ്രോവ് പുറത്തുവിട്ടിരുന്നു.