ലോയിഡ് ഓസ്റ്റിന്‍, ഖാലിദ് ഷെയ്ഖ് മുഹമ്മദ് 
NEWSROOM

"9/11 പ്രതികള്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടില്ല"; ജീവപര്യന്ത കരാർ തള്ളി യുഎസ് പ്രതിരോധ സെക്രട്ടറി

ഖാലിദ് ഷെയ്ഖ് മുഹമ്മദ്, വാലിദ് മുഹമ്മദ് സാലിഹ് മുബാറക്ക് ബിന്‍ അത്താഷ്, മുസ്തഫാ അഹ്‌മ്മദ് ആദം അല്‍ ഹവ്‌സാവി എന്നിവര്‍ 2001 സെപ്റ്റംബര്‍ 11ന് നടന്ന ട്വിന്‍ ടവര്‍ ആക്രമണങ്ങളുടെ പേരില്‍ 16 വർഷമായി വിചാരണ നേരിടുകയാണ്

Author : ന്യൂസ് ഡെസ്ക്

അമേരിക്കയിൽ 2001 സെപ്റ്റംബര്‍ 11ന് നടന്ന തീവ്രവാദ ആക്രമണങ്ങളുടെ സൂത്രധാരന്മാരായി കരുതുന്ന മൂന്ന് പേരുടെ വധശിക്ഷ ഒഴിവാക്കി കൊണ്ടുള്ള കരാര്‍ ഹര്‍ജി യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ തള്ളി. ഇവരുടെ വിചാരണ വധശിക്ഷാ കേസുകളെന്ന നിലയില്‍ തുടരും. യുദ്ധക്കോടതിയില്‍ പ്രതികളുടെ വിചാരണയുടെ മേല്‍നോട്ടം വഹിക്കുന്ന സൂസന്‍ എസ്‌ക്ലയറിന് പ്രതിരോധ സെക്രട്ടറി മെമ്മോ അയക്കുകയായിരുന്നു.

ഖാലിദ് ഷെയ്ഖ് മുഹമ്മദ്, വാലിദ് മുഹമ്മദ് സാലിഹ് മുബാറക്ക് ബിന്‍ അത്താഷ്, മുസ്തഫാ അഹ‌മ്മദ് ആദം അല്‍ ഹവ്‌സാവി എന്നിവര്‍ 2001 സെപ്റ്റംബര്‍ 11ന് നടന്ന ട്വിന്‍ ടവര്‍ ആക്രമണങ്ങളുടെ പേരില്‍ 16 വർഷമായി വിചാരണ നേരിടുകയാണ്. ഇവരുടെ അഭിഭാഷകനാണ് വധശിക്ഷ ജീവപര്യന്തമായി ചുരുക്കണമെന്ന കരാര്‍ മുന്നോട്ടുവെച്ചത്. ഇതിനെ തുടര്‍ന്നാണ് സൂസന്‍ എസ്‌ക്ലയര്‍ കരാറില്‍ ഒപ്പ് വെക്കുന്നത്. ബുധനാഴ്ച എസ്‌ക്ലയര്‍ തന്നെയാണ് കരാരിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.


എന്നാല്‍, വിവരം പുറത്തുവന്നപ്പോള്‍ തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. അമേരിക്കന്‍ ജനതയെ വഞ്ചിക്കുന്ന നടപടിയാണിതെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ പ്രതികരിച്ചത്. ആക്രമണത്തില്‍ ഇരയായവരുടെ കുടുംബാംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രിയപ്പെട്ടവരുടെ കൊലപാതകത്തിന് കാരണമായവര്‍ക്ക് പൂര്‍ണമായ വിചാരണ നല്‍കാതെ കരാര്‍ ഒഴിവാക്കുന്നു എന്നായിരുന്നു ഇരകളുടെ ബന്ധുക്കളുടെ ആരോപണം.


കഴിഞ്ഞ ഒരു വര്‍ഷമായി കേസില്‍ ഇരു വിഭാഗങ്ങളും മധ്യസ്ഥ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്തു വരികയാണ്. ഇതിനു മുന്‍പ് പ്രതികളുടെ ഭാഗത്തു നിന്നും വന്ന ഹര്‍ജി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തള്ളിയിരുന്നു. പ്രസിഡന്‍റിന്‍റെ അധികാരം ഉപയോഗിച്ച് കുറ്റക്കാരുടെ ഏകാന്ത തടവ് ഒഴിവാക്കാനും മാനസിക പീഡകള്‍ക്ക് ചികിത്സ ഉറപ്പാക്കാനും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഹര്‍ജി.

വിവാദമായ പുതിയ കരാരില്‍ പ്രസിഡന്‍റിനോ വൈസ് പ്രസിഡന്‍റിനോ ഒരുതരത്തിലുമുള്ള പങ്കാളിത്തവുമില്ലായെന്നും കരാര്‍ എസ്‌ക്ലയറിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതാണെന്നുമാണ് മുതിര്‍ന്ന പെന്‍റഗണ്‍ ഉദ്യോഗസ്ഥന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്.

2008ന് ആരംഭിച്ച 9/ 11 ആക്രമണങ്ങളുടെ വാദങ്ങളില്‍ കുരുങ്ങി കിടക്കുകയാണ്. സിഐഎയുടെ തടവില്‍ കഴിഞ്ഞ കാലയളവില്‍ പ്രതികള്‍ നേരിട്ട പീഡനങ്ങളാണ് കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോയത്. കേസ് ഇനിയും വിചാരണ ഘട്ടത്തിലേക്ക് എത്താത്തതിനാല്‍ വിധിയില്‍ അനിശ്ചിതത്വം തുടരുകയാണ്.

SCROLL FOR NEXT