തിരുവനന്തപുരത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴു വയസുകാരൻ മരിച്ചു. കാട്ടാക്കട പുതു വൈക്കലിൽ താമസിക്കുന്ന ഗിരീഷ്- മനീഷ ദമ്പതികളുടെ മകൻ ആദിത്യനാഥാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
പനിയും ശാരീരിക അസ്വസ്ഥതയുമുണ്ടായ ആദിഥ്യനാഥിനെ ശനിയാഴ്ച മണിയറവിള താലൂക്കാശുപത്രിയിൽ കൊണ്ടുപോയിരുന്നു. മരുന്ന് നൽകി വിട്ടയച്ച കുട്ടിയുടെ ആരോഗ്യസ്ഥിതി ഇന്നലെ മോശമായി. താലൂക്കാശുപത്രിയിൽ കൊണ്ടുപോയെങ്കിലും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് എസ്എടി ആശുപത്രിയിൽ വെച്ച് രാത്രി ഒമ്പത് മണിയോടെ കുട്ടി മരിച്ചു.
കുട്ടിയുടെ വീട്ടുകാർ വിളപ്പിൽശാലയിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിയിരുന്നു. കുട്ടിയുൾപ്പടെ വീട്ടുകാർ എല്ലാവരും ഹോട്ടൽ ഭക്ഷണം കഴിച്ചു. എന്നാൽ വേറെ ആർക്കും ശാരീരകാസ്വാസ്ഥ്യം ഉണ്ടായിട്ടില്ല. അതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ. കാട്ടാക്കട കുളത്തുമ്മൽ എൽപി സ്കൂൾ വിദ്യാർഥിയായിരുന്നു മരിച്ച ആദിത്യനാഥ്.