ദുരിത ബാധിതര്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് തിരിച്ചടവുകള്‍ ഈടാക്കരുത്; ബാങ്കുകള്‍ക്ക് നിര്‍ദേശം

തുകയില്‍ നിന്ന് പല ബാങ്കുകളും വായ്പകളുടേയും മറ്റും തിരച്ചടവ് തുക ഈടാക്കുന്നതായി പരാതിയുണ്ടായിരുന്നു
ദുരിത ബാധിതര്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് തിരിച്ചടവുകള്‍ ഈടാക്കരുത്; ബാങ്കുകള്‍ക്ക് നിര്‍ദേശം
Published on

വയനാട് ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനഹായ തുകയില്‍ നിന്ന് തിരിച്ചടവുകള്‍ ഈടാക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഏതെങ്കിലും ബാങ്കുകള്‍ ഇഎംഐ ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ തുകയില്‍ നിന്ന് പല ബാങ്കുകളും വായ്പകളുടേയും മറ്റും തിരച്ചടവ് തുക പിടിക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉത്തരവ്.

ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും തുകയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടവുകള്‍ യാതൊരു കാരണവശാലും കട്ട് ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജുലൈ 30 നു ശേഷം അക്കൗണ്ടുകളില്‍ നിന്ന് ദുരിതാശ്വാസ തുകയില്‍ കുറവ് വരുത്തിയിട്ടുണ്ടെങ്കില്‍ അടിയന്തരമായി തിരികെ നല്‍കണമെന്നാണ് ബാങ്കുകള്‍ക്കുള്ള ഉത്തരവ്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറ് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന ദുരിതാശ്വാസ നിധിയില്‍നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുമായിരിക്കും അനുവദിക്കുക. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് തുക അനുവദിക്കുക.

വാടക വീടുകിലേക്ക് മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രതിമാസം 6000 രൂപ വരെ നല്‍കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com