അൽജസീറയുടെ മാധ്യമപ്രവർത്തകൻ ഇസ്മയിൽ അൽ ഗൗലിനെ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ വധിച്ചെന്ന സ്ഥിരീകരണവുമായി ഇസ്രയേൽ സൈന്യം. ഒക്ടോബർ 7ന് ആക്രമണത്തിൽ പങ്കെടുത്ത ഹമാസ് പ്രവർത്തകനാണ് ഇസ്മയിൽ അൽ ഗൗലെന്ന ആരോപണം ഉയർത്തിക്കൊണ്ടായിരുന്നു ഇസ്രയേലിൻ്റെ സ്ഥിരീകരണം. എന്നാൽ തങ്ങളുടെ മാധ്യമപ്രവർത്തകരെ ബോധപൂർവം കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാനുള്ള ശ്രമമാണിതെന്ന് ചൂണ്ടികാട്ടിയ അൽജസീറ, ഇസ്രയേലിൻ്റെ ആരോപണങ്ങളെ തള്ളി.
ഇറാനിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ ഇസ്മയിൽ ഹനിയയുടെ വീടിന് സമീപം വീഡിയോ ചിത്രീകരണത്തിനായെത്തിയ അൽഗൗലും ക്യാമറാമാൻ റാമി എൽ റിഫിയും ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇസ്മയിൽ അൽ ഗൗൽ ഹമാസ് പ്രവർത്തകനാണെന്നതിന് കൃത്യമായ തെളിവുകളോ രേഖകളോ ഇസ്രയേലിൻ്റെ പക്കലുണ്ടായിരുന്നില്ല. മാധ്യമപ്രവർത്തകൻ്റെ കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അൽജസീറ വ്യക്തമാക്കി.
മാധ്യമരംഗത്തെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഹമാസിൻ്റെ സുപ്രധാന ഭാഗമായിരുന്നെന്നാണ് ഇസ്രയേലിൻ്റെ വാദം. ഇസ്രയേൽ സൈനികർക്കെതിരായ ആക്രമണങ്ങൾ റെക്കോർഡ് ചെയ്യുന്നതിലും പരസ്യപ്പെടുത്തുന്നതിലും ഇയാൾ പങ്കാളിയാണെന്നും ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
ALSO READ : ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; ഓഗസ്റ്റ് 8 വരെ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
അതേസമയം 2023 നവംബർ മുതൽ മാധ്യമരംഗത്തുള്ള അൽ ഗൗലിൻ്റെ തൊഴിൽ മാധ്യമപ്രവർത്തനം മാത്രമാണെന്ന് അൽജസീറ പറഞ്ഞു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് ഇസ്രയേലിലെ അൽജസീറയുടെ പ്രവർത്തനം സർക്കാർ വിലക്കിയിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അൽജസീറ നിശിതമായി വിമർശിക്കാറുണ്ട്. ഒക്‌ടോബർ 7 മുതൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻ മാധ്യമപ്രവർത്തകരുടെ എണ്ണം 165 ആയി ഉയർന്നെന്ന് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഗാസ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.