ഷഹ്ദാര, കരോള്‍ ബാഗ്, നജഫ്ഗഡ് എന്നീ മേഖലകളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച 10 കോച്ചിങ് കേന്ദ്രങ്ങളിലെയും വായനശാലകളിലെയും ബേസ്‌മെന്റ് സ്പേസ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സീല്‍ ചെയ്തു. ഡല്‍ഹിയിലെ ഓള്‍ഡ് രജീന്ദര്‍ നഗറില്‍ ഐഎഎസ് കോച്ചിംഗ് സെന്ററിലെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തിനു പിന്നാലെയാണ് നടപടി.
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ റിപ്പോര്‍ട്ട് പ്രകാരം, കരോള്‍ ബാഗ് മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 4 വായനശാലകളിലെ ബേസ്‌മെന്റ് സീല്‍ ചെയ്തു. ഷഹ്ദാരയില്‍ പ്രവര്‍ത്തിക്കുന്ന 4 കോച്ചിങ് സെന്ററുകളിലെ ബേസ്‌മെന്റുകള്‍, നജഫ്ഗഡ് മേഖലയിലുള്ള കോച്ചിങ് സെന്റുകളുടെയും വായനശാലകളുടെയും രണ്ട് ബേസ്‌മെന്റുകള്‍ ഉള്‍പ്പടെ 10 ബേസ്‌മെന്റുകള്‍ സീല്‍ ചെയ്തു.
Read More: 'നരക തുല്യമായ ജീവിതം'; ഡല്‍ഹി കോച്ചിങ്ങ് സെന്റര്‍ അപകടത്തില്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി വിദ്യാര്‍ഥി
മേഖലയിലെ കെട്ടിട നിര്‍മ്മാണ നിയമം ലംഘിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാ കോച്ചിങ് കേന്ദ്രങ്ങള്‍ക്കും, ഉടമകള്‍ക്കും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നോട്ടീസ് അയച്ചു. കൂടാതെ, നഗരത്തില്‍, നിയമം ലംഘിച്ചു പ്രവര്‍ത്തിക്കുന്ന മറ്റു കോച്ചിങ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ സര്‍വേയും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടത്തുന്നുണ്ട്. വിദ്യാര്‍ഥികളുടെയും ജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കെട്ടിട നിര്‍മാണ നിയമം കൃത്യമായി എല്ലാവരും പിന്തുടരുന്നുവെന്ന് ഉറപ്പാക്കും.
Read More: ഡല്‍ഹി കോച്ചിങ് സെന്റര്‍ അപകടം: അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ച് ആഭ്യന്തര മന്ത്രാലയം
അതേസമയം, ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് ഐഎഎസ് ഉദ്യോഗാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹി ഹൈകോടതി, പോലീസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തി എന്ന് കാണിച്ച് കേസ് സിബിഐക്ക് കൈമാറിയത്.