സിദ്ദീഖിൻ്റെയും, രഞ്ജിത്തിൻ്റേയും രാജിയിൽ എല്ലാം അവസാനിക്കുന്നില്ലെന്ന് നടിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത്. ഇരുവർക്കുമെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. ഇതൊരു തുടക്കം മാത്രമാണ്. ഇനിയും പരാതികൾ ഉയർന്ന് വരുമെന്നും നടി ജോളി ചിറയത്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി കാണിച്ച ആര്‍ജവമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലേക്കും തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കും കാരണമായത്. ഒരുപാട് പഴയകാല നടിമാരെ ആത്മഹത്യയിലേക്കും ചിലത് കൊലപാതകങ്ങളിലേക്കും വരെ നയിച്ചു.
പക്ഷെ ഇതൊന്നും എവിടെയും എത്താതെ പോയി. അതിനര്‍ത്ഥം ഈ ചൂഷണങ്ങള്‍ക്ക് ഇരകളായ ജീവിച്ചിരിക്കുന്ന എത്രയോ അതിജീവിതര്‍ ഉണ്ടെന്നാണ്. ഒരു പ്രശ്നമുണ്ടെങ്കില്‍ ആദ്യം പ്രതികരിക്കാന്‍ തയാറാകണം. അങ്ങനെ ഒരു വിഷയമേ ഇല്ലെന്ന രീതിയിലാണ് ഇതിനെയൊക്കെ തള്ളിക്കളയുന്നത്. പക്ഷെ, അതൊക്കെ ഒരു പരിധി വരെ മാത്രമേ പോകൂ എന്നാണ് ഇപ്പോള്‍ ബോധ്യമായിരിക്കുന്നതെന്നും ജോളി ചിറയത്ത് പറഞ്ഞു.
'സിനിമയിലെ പൊളിറ്റിക്സും സ്ത്രീവിരുദ്ധതയും ചൂണ്ടിക്കാണിച്ച സ്ത്രീകളെ കൂവിതോല്‍പ്പിച്ചിരുന്ന ഒരു സമൂഹം ഇപ്പോള്‍ നേരെ തിരിഞ്ഞു. ഇനി ഇത് മാറാതെ പറ്റില്ല. തൊഴിലിടത്തിന്‍റെ കാര്യമല്ല, ആരോഗ്യകരമായ ഒരു സമൂഹത്തിന് ഉണ്ടാകേണ്ട മാറ്റമാണിതൊക്കെ. ഈ രാജികളൊക്കെ ഒരു നല്ല തുടക്കമാണ്. ഇവരൊക്കെ ഈ സ്ഥാനങ്ങളിലിരിക്കാന്‍ യോഗ്യരാണോ എന്ന് ചിന്തിക്കാനുള്ള വിവേകം പോലും സര്‍ക്കാരിനോ സംഘടനകള്‍ക്കോ ഉണ്ടായില്ല എന്നതാണ് വാസ്തവം' - ജോളി ചിറയത്ത് പറഞ്ഞു.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടര്‍ന്നാണ് സംവിധായകന്‍ രഞ്ജിത്ത് ബാലകൃഷ്ണന് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടി വന്നത്. തുടക്കത്തില്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സാംസ്കാരിക വകുപ്പ് മന്ത്രി അടക്കം സ്വീകരിച്ചിരുന്നത്. രാജിക്കായി രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്നാണ് രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. നടി രേവതി സമ്പത്ത് ഉയര്‍ത്തിയ ലൈംഗിക പീഡനാരോപണത്തിന് പിന്നാലെയാണ് നടന്‍ സിദ്ദീഖ് AMMA ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്.