NEWSROOM

റിയാസ് ഖാൻ ലൈംഗിക ചുവയോടെ സംസാരിച്ചു, സിദ്ദിഖ് ക്രിമിനലാണ്, രാജിവെച്ചത് സിമ്പതി കിട്ടാൻ; നടി രേവതി സമ്പത്ത്

പരാതി പറയാൻ ചെന്നപ്പോൾ തിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥനും ലൈംഗിക ചുവയോടെ നോക്കിയെന്നും ആരോപണമുണ്ട്

Author : ന്യൂസ് ഡെസ്ക്

നടൻ സിദ്ദിഖിനു പിന്നാലെ റിയാസ് ഖാനെതിരെയും ആരോപണവുമായി നടി രേവതി സമ്പത്ത് രംഗത്ത്. റിയാസ് ഖാൻ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് വെളിപ്പെടുത്തൽ. പരാതി പറയാൻ ചെന്നപ്പോൾ തിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥനും ലൈംഗിക ചുവയോടെ നോക്കിയെന്നും ആരോപണമുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്ന് കടുത്ത ആക്രമണം നേരിട്ടെന്നും രേവതി സമ്പത്ത് വെളിപ്പെടുത്തി.

സിദ്ദിഖിന് ശിക്ഷ ലഭിക്കണം. സിദ്ദിഖ് ക്രിമിനലാണ്. രാജിവെച്ചത് സിമ്പതി കിട്ടാൻ വേണ്ടി മാത്രം. സിനിമ രംഗത്തുനിന്നും ചവിട്ടി താഴ്ത്തണം. നിരവധി പേരുടെ സ്വപ്നങ്ങൾ ചവിട്ടി തകർത്ത് ഉണ്ടാക്കിയ പദവിയാണ് സിദ്ദിഖിന്റെത്. സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണം എന്നാഗ്രഹിക്കുന്നുവെങ്കിലും ഇനിയും അവസരം നൽകാൻ ഇവിടെ ആളുണ്ട് എന്നും രേവതി സമ്പത്ത്.

നിയമപരമായി നീങ്ങുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. കരിയർ മാത്രമാണ് നിലവിൽ നോക്കുന്നത്. സിദ്ദിഖിനെതിരെ പരാതി നൽകില്ല. സിദ്ദിഖ് നിയമനടപടികളുമായി മുൻപോട്ടു പോകട്ടെയെന്നും നടി. സമാനമായ അനുഭവം സുഹൃത്തുക്കളും പങ്കുവെച്ചിട്ടുണ്ട്. തെളിവുകൾ സഹിതമാണ് പലരും സംസാരിച്ചത് എന്നും രേവതി സമ്പത്ത് വ്യക്തമാക്കി. സർക്കാർ സുരക്ഷിതത്വം നൽകുമോ എന്ന് ഉറപ്പില്ല. സർക്കാറിന്റെ ഉറപ്പ് വിശ്വസിക്കുന്നില്ല. നിലവിൽ തനിക്ക് ഭീഷണിയില്ല എന്നും ഹേമ കമ്മിറ്റിക്ക് മുമ്പിൽ പരാതി നൽകിയിട്ടില്ല എന്നും അവർ പറഞ്ഞു.

തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് ഇന്നാണ് നടൻ സിദ്ധിഖ് AMMA ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചത്. പ്രസിഡന്റ് മോഹൻലാലിനാണ് രാജി സമർപ്പിച്ചത്. രണ്ടു വരിയുള്ള രാജിക്കത്താണ് സിദ്ധിഖ് നൽകിയത്. അതേസമയം നടൻ സിദ്ദീഖിനെതിരെ ഉയർന്ന ഗുരുതര ലൈംഗികാരോപണത്തിൽ സർക്കാരും നിയമനടപടി സ്വീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. വെളിപ്പെടുത്തലിൽ കേസ് എടുക്കാനുള്ള നിയമസാധ്യതയാണ് സർക്കാർ തേടിയിരിക്കുന്നത്.


SCROLL FOR NEXT