NEWSROOM

'ഇനിയാണ് ഞങ്ങളുടെ ജോലി ആരംഭിക്കുന്നത്'; റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷം: രേവതി

മലയാള സിനിമയിലെ സ്ത്രീകളെ സംബന്ധിച്ചടത്തോളം ചരിത്രപരമായ ദിനമാണിത്. ഇതൊരു തുടക്കം മാത്രമാണ്, ഇതിന്‍റെ ചുവടുപിടിച്ച് മറ്റിടങ്ങളിലും ഇത്തരം പോരാട്ടം ഉണ്ടാകും

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പ്രതികരണവുമായി നടിയും ഡബ്ല്യൂസിസി അംഗവുമായ രേവതി. മലയാള സിനിമയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ദിനമാണിത്. റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമുണ്ട്, ഡബ്ല്യൂസിസി നിരന്തരം പോരാടി. ഇനിയാണ് ജോലി ആരംഭിക്കുന്നതെന്നും രേവതി ന്യൂസ് മലയാളത്തോട് പറഞ്ഞു.

'റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷം. ഈ ഒരു ദിവസത്തിനായി ഡബ്ല്യൂസിസി നിരന്തരം പോരാടി. ഇനിയാണ് ഞങ്ങളുടെ ജോലി ആരംഭിക്കുന്നത്. സുരക്ഷിതത്ത്വമില്ലായ്മയാണ് മലയാള സിനിമ നേരിടുന്ന പ്രശ്നം. ആ സുരക്ഷയും ആത്മാഭിമാനവും മടക്കി കൊണ്ടുവരേണ്ടത് ആവശ്യമാണ്. സ്ത്രീ സൗഹൃദപരമായ അന്തരീക്ഷം മടക്കി കൊണ്ടുവരണം. ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ടില്‍ പറഞ്ഞതുപോലെ, മലയാള സിനിമ ഉപ്പു കണ്ടാലും പഞ്ചസാര ആണന്നെ തോന്നും എന്ന നിലയാണുള്ളത്. മലയാള സിനിമയിലെ സ്ത്രീകളെ സംബന്ധിച്ചടത്തോളം ചരിത്രപരമായ ദിനമാണിത്. ഇതൊരു തുടക്കം മാത്രമാണ്, ഇതിന്‍റെ ചുവടുപിടിച്ച് മറ്റിടങ്ങളിലും ഇത്തരം പോരാട്ടം ഉണ്ടാകും' - രേവതി പറഞ്ഞു.

ഗുരുതരമായ വേട്ടയാടലുകള്‍ക്കും ലൈംഗിക ചൂഷണത്തിനും സിനിമയിലെ സ്ത്രീകള്‍ ഇരകളാകുന്നു എന്ന നിരീക്ഷണമാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. മലയാള സിനിമ സെറ്റുകള്‍ സ്ത്രീ സൗഹൃദമല്ലെന്നും ചന്ദ്രന്‍റെ തിളക്കമല്ല, നിഗൂഢതയാണ് താരാകാശത്ത് ഉള്ളതെന്നും ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ടിന്‍റെ തുടക്കത്തില്‍ സൂചിപ്പിക്കുന്നു. സിനിമയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നടിമാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു. ആൺ താരങ്ങൾ അധികാരം ദുരുപയോഗിക്കുന്നു. അടിമുടി സ്ത്രീവിരുദ്ധമാണ് മലയാള സിനിമ. താമസസ്ഥലത്തും, യാത്രക്കിടയിലും സെറ്റുകളിലും നടിമാർ ഉപദ്രവിക്കപ്പെടുന്നു. നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല, പുറത്ത് വന്നതില്‍ ഒന്ന് മാത്രമാണിത്. ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് ആൺ താരങ്ങൾ തന്നെ മൊഴി നൽകി. പക്ഷെ ഈ അവസ്ഥ മാറ്റാനാകില്ലെന്നും ആൺ താരങ്ങൾ കമ്മിറ്റിയോട് പറഞ്ഞു.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമല്ല. റിപ്പോര്‍ട്ട് ചെയ്ത പലതില്‍ ഒന്ന് മാത്രമാണിത്. ഇത് സാധൂകരിക്കുന്ന വാട്സാപ്പ് മെസെജുകളും സ്ക്രീന്‍ഷോട്ടുകളും അടക്കമുള്ള തെളിവുകള്‍ കമ്മിറ്റിയുടെ പക്കലുണ്ട്. ചില പുരുഷന്‍മാര്‍ക്ക് പോലും തെളിവുകള്‍ നല്‍കാന്‍ ഭയപ്പെടുന്നു. സിനിമ മേഖലയില്‍ പവര്‍ഗ്രൂപ്പ് സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണുന്നതെല്ലാം വിശ്വസിക്കരുത്, ഉപ്പുപോലും പഞ്ചസാരയായി തോന്നാം, ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ട് . സിനിമയുടെ ഗ്ലാമര്‍ വെറും പുറംമോടിയാണ് , ശുചിമുറി സൗകര്യങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല.തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും നടക്കും നടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ആദ്യ ഭാഗത്ത് തന്നെ വ്യക്തമാക്കുന്നു.

ലൈംഗിക താല്പര്യത്തിന് വഴങ്ങാത്ത നടിമാര്‍ ടോര്‍ച്ചര്‍ ചെയ്യപ്പെടുന്നു. വഴങ്ങുന്നവര്‍ക്ക് പ്രത്യേക കോഡ്. നടിമാര്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ രാത്രികാലങ്ങളില്‍ നടന്മാര്‍ സ്ഥിരമായി കതകില്‍ മുട്ടുന്നത് അടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാതിൽ തകരുമോ എന്നുപോലും നടിമാർ ഭയപ്പെട്ടിട്ടുണ്ട്. കുടുംബാംഗങ്ങളെ കൂട്ടി ലൊക്കേഷനിൽ എത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകൾ പൊലീസിൽ പരാതി നൽകാറില്ലെന്നും പൊലീസിനെ സമീപിച്ചാൽ സിനിമയിലെ സാഹചര്യം ഇല്ലാതാക്കുന്നുവെന്നും ബന്ധപ്പെട്ടവര്‍ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയിട്ടുണ്ട്. പരാതിപ്പെട്ടാൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നത് അടക്കമുള്ള നീക്കങ്ങള്‍ അവര്‍ക്കെതിരെ നടക്കുന്നു. ലൈംഗിക ചിത്രങ്ങൾ അടങ്ങുന്ന തെളിവുകൾ കമ്മിറ്റിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ലൈംഗിക അവയവങ്ങളുടെ ഫോട്ടോകൾ നടിമാർക്ക് അയച്ചെന്ന ഞെട്ടിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സിനിമാ ലൊക്കെഷനുകള്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീല കമന്‍റുകള്‍ ഉണ്ടാകുന്നു. മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ഇവരോട് മോശമായി പെരുമാറുന്നു. സോഷ്യല്‍ മീഡിയയിലൂടെ കടുത്ത സൈബര്‍ ആക്രമണം ഇവര്‍ നേരിടുന്നു. വേതനത്തിലടക്കം ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നു. മൂത്രമൊഴിക്കാന്‍ പോലും ബുദ്ധിമുട്ട് നേരിടുന്നു. പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. നായിക ഒഴികെ ഉള്ളവര്‍ക്ക് കാരവന്‍ സൗകര്യമില്ല എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.

SCROLL FOR NEXT