NEWSROOM

'ബജറ്റിൽ എയിംസ് പ്രഖ്യാപിക്കാറില്ല'; കേരളത്തെ മാറ്റിനിർത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ദക്ഷിണേന്ത്യയുടെ വികസനത്തിന് പ്രാധാന്യം കൊടുത്താണ് ഈ വർഷത്തെ ബജറ്റ് അവതരണം നടന്നതെന്ന് ജോർജ് കുര്യൻ

Author : ന്യൂസ് ഡെസ്ക്

ബജറ്റിൽ കേരളത്തെ മാറ്റിനിർത്തിയിട്ടില്ലെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി ജോർജ് കുര്യൻ. ദക്ഷിണേന്ത്യയുടെ വികസനത്തിന് പ്രാധാന്യം കൊടുത്താണ് ഈ വർഷത്തെ ബജറ്റ് അവതരണം നടന്നതെന്ന് ജോർജ് കുര്യൻ പറഞ്ഞു. സാധാരണ ഗതിയിൽ ബജറ്റിൽ എയിംസ് പ്രഖ്യാപിക്കാറില്ലെന്നും അതിനാൽ ഇതിൽ രാഷ്ട്രീയമില്ലെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

ഹ്യൂമൻ റിസോഴ്സ് ഇൻഡക്സിൻ്റെ കാര്യത്തിൽ കേരളം മുന്നിലാണ്. അതുകൊണ്ട് മറ്റു സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന ചില കാര്യങ്ങൾ കേരളത്തിന് ആവശ്യപ്പെടാൻ സാധിക്കില്ല. അതിനാലാണ് കേരളത്തിൻ്റെ ആവശ്യങ്ങൾ മുഴുവനായി സാധിക്കാൻ കഴിയാഞ്ഞതെന്നും ഫിഷറീസ് വകുപ്പിന് ഇത്തവണത്തെ ബജറ്റിൽ പ്രാധാന്യം ലഭിച്ചെന്നും ജോർജ് കുര്യൻ പറഞ്ഞു.

ഒപ്പം എയിംസിൻ്റെ കാര്യത്തിൽ രാഷ്ട്രീയമില്ലെന്നാണ് ജോർജ് കുര്യൻ്റെ വാദം. സാധാരണ ഗതിയിൽ കേന്ദ്ര ബജറ്റ് അവതരണത്തിൽ എയിംസ് പ്രഖ്യാപിക്കാറില്ല. സ്ഥലമേറ്റെടുത്ത് കൈമാറിയ സംസ്ഥാനകൾക്ക് പ്രത്യേക നോട്ടിഫിക്കേഷനിലൂടെയാണ് മുമ്പ് എയിംസ് അനുവദിച്ചത്. കേരള സർക്കാർ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചതിന് ശേഷം എയിംസ് അനുവദിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്നതായിരുന്നു കേന്ദ്ര ബജറ്റെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആരോപണം. കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാടാണ് ബജറ്റിൽ പ്രതിഫലിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ ആവർത്തിച്ചുന്നയിക്കാൻ യോജിച്ച ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്, വിഴിഞ്ഞം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപ, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കത്തിനായി 5000 കോടി, റെയിൽവേ നവീകരണം, റബ്ബറിൻ്റെ താങ്ങുവിലയില്‍ പരിഷ്കരണം, തൊഴിലവസരങ്ങൾ വർധിപ്പിക്കാന്‍ പദ്ധതിയാവിഷ്കരണം, പരമ്പരാഗത മേഖലയുടെ നവീകരണം, കടമെടുപ്പ് പരിധി ജിഎസ്‌ഡിപിയുടെ മൂന്നര ശതമാനമാക്കി ഉയര്‍ത്തുക, കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍വര്‍ഷങ്ങളിലെടുത്ത വായ്പ ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും കടപരിധിയില്‍ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ വിഹിതം ഉയര്‍ത്തുക, കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ നീളുന്ന ആവശ്യങ്ങളുടെ പട്ടികയായിരുന്നു കേന്ദ്രത്തിന് മുന്നിൽ കേരളം അവതരിപ്പിച്ചത്.


SCROLL FOR NEXT