NEWSROOM

ചേർത്തലയിലെ നവജാത ശിശുവിൻ്റെ മരണം; പോസ്റ്റ്‌മോർട്ടം പൂർത്തിയായി, ദൂരുഹത ബാക്കി

ഇന്നലെയാണ് ചേർത്തല സ്വദേശിയായ യുവതിയുടെ കുഞ്ഞിൻ്റെ മൃതദേഹം സുഹൃത്തിൻ്റെ പുരയിടത്തിനോട് ചേർന്ന പാടശേഖരത്തിൻ്റെ ചിറയിൽ നിന്ന്  കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

ചേർത്തല തകഴിയിൽ കുഴിച്ചുമൂടിയ നവജാതശിശുവിൻ്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. കുഞ്ഞിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മരണകാരണത്തെക്കുറിച്ച് കൃതൃമായ നിഗമനങ്ങളിലെത്താൻ സാധിച്ചില്ലെന്നാണ് വിവരം. ശാസ്ത്രീയ പരിശോധന ഫലം പുറത്തുവന്നതിനു ശേഷം മാത്രമേ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.  പോസ്റ്റുമോർട്ടം റിപ്പോർട്ട് വൈകിട്ട് കൈമാറും. 

ഇന്നലെയാണ് ചേർത്തല സ്വദേശിയായ യുവതിയുടെ കുഞ്ഞിൻ്റെ മൃതദേഹം സുഹൃത്തിൻ്റെ പുരയിടത്തിനോട് ചേർന്ന പാടശേഖരത്തിൻ്റെ ചിറയിൽ നിന്ന്  കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് രക്തസ്രാവവുമായി യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് കുഞ്ഞിനെ മറവ് ചെയ്തത് അടക്കമുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു.


ആഗസ്റ്റ് 6ാം തീയതി പുലർച്ചെയാണ് യുവതി സ്വന്തം വീട്ടിൽ കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് 7ാം തീയതി യുവതിയുടെ സുഹൃത്ത് മൃതദേഹം കുന്നുമ്മ കൊല്ലനോടി പാടശേഖരത്തെ ചിറയിൽ മറവ് ചെയ്തുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളും പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം, മൂന്ന് പേരുടെയും മൊഴിയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതായി പറയുന്നില്ല. പുലർച്ചെ പ്രസവം നടന്ന് ഏറെ നേരത്തിന് ശേഷമാണ് യുവതി കുഞ്ഞിനെ സുഹൃത്തിന്  കൈമാറുന്നത്. കൊലപാതകം ആണെങ്കിൽ പോസ്റ്റുമോർട്ടത്തിൽ നിന്ന് കണ്ടെത്താം എന്നതാണ് പൊലീസ് കരുതുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടും ഇക്കാര്യത്തിൽ സ്ഥീരികരണത്തിലെത്താനായിട്ടില്ല.

SCROLL FOR NEXT