ഷാഫി പറമ്പിൽ 
NEWSROOM

വിലങ്ങാടിന് മാത്രമായി സ്പെഷ്യൽ പാക്കേജ് വേണം; സർക്കാരിന് യുഡിഎഫിൻ്റെ എല്ലാ പിന്തുണയും: ഷാഫി പറമ്പിൽ

പുനരധിവാസം സംബന്ധിച്ച് ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ഉരുൾപൊട്ടലുണ്ടായ വിലങ്ങാടിന് മാത്രമായി സ്പെഷ്യൽ പാക്കേജ് കൊണ്ടുവരണമെന്ന് ഷാഫി പറമ്പിൽ എംപി. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ തീരുമാനങ്ങൾക്കും യുഡിഎഫിന്റെ പിന്തുണ ഉണ്ടാകുമെന്നും, ഒരുപാട് ആളുകൾ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പുനരധിവാസം സംബന്ധിച്ച് ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് ഷാഫി പറമ്പിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മനുഷ്യായുസ് കൊണ്ടു നേടിയതെല്ലാം നഷ്ടപ്പെട്ടവരാണ് വിലങ്ങാടുള്ളത്. പൂര്‍ണ്ണമായും വാസയോഗ്യമല്ലാത്ത വീടും പുരയിടവും അടക്കം നഷ്ടപ്പെട്ട 20 പേര്‍ക്കാണ് വീടുവെച്ച് നല്‍കുകയെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.

വയനാടിനൊപ്പം തന്നെ കാണേണ്ട ദുരന്തമാണ് വിലങ്ങാടും സംഭവിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. വിലങ്ങാട് സന്ദർശിച്ച ശേഷം, ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ദുരന്തബാധിതരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചെന്നും മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

വിലങ്ങാട് എട്ട് തവണയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിൽ 15 വീടുകളാണ് ഒലിച്ചുപോയത്. നാൽപതിലധികം വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. നിരവധി പാലങ്ങളും ഒലിച്ചുപോയി. 185 കുടുംബങ്ങളിലെ 900ത്തോളം പേരാണ് നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.

SCROLL FOR NEXT