NEWSROOM

മയക്കുമരുന്ന് മാഫിയ താവളമാക്കുന്നു; 'പ്രേമം പാല'ത്തിന് പൂട്ടിട്ട് അധികൃതർ

പ്രദേശത്ത് കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നെന്ന പരാതിയെ തുടർന്നാണ് പെരിയാർവാലി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ 'പ്രേമം പാലം' അടച്ചത്

Author : ന്യൂസ് ഡെസ്ക്



നിവിൻ പോളിയുടെ പ്രേമം സിനിമയിലൂടെ യുവാക്കൾക്കിടയിൽ തരംഗമായ ആലുവയിലെ അക്വാഡക്ടിന് പൂട്ടിട്ട് അധികൃതർ. പ്രദേശത്ത് കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നെന്ന പരാതിയെ തുടർന്നാണ് പെരിയാർവാലി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ 'പ്രേമം പാലം' അടച്ചത്. ആലുവാ നഗരസഭാ കൗൺസിലർ ടിൻ്റു രാജേഷ് നവകേരളസദസ്സിൽ മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.

അക്വാഡക്ട് സമൂഹവിരുദ്ധരുടെ താവളമായതോടെ ആലുവാ നഗരസഭാ കൗൺസിലിലും ടിൻ്റു രാജേഷ് വിഷയം അവതരിപ്പിച്ചിരുന്നു. പാലത്തിന് ഇരുവശവുമുള്ള ജനവാസമേഖലയിൽ നിന്നുമുയർന്ന പരാതികളാണ് ടിൻ്റു രാജേഷിൻ്റെ നടപടിക്ക് ആധാരം. ഇതോടെ നഗരസഭയും പാലം അടക്കണമെന്ന പ്രമേയം പാസാക്കി.

പരാതികൾ കൂടിയതോടെ ഏകദേശം 1 ലക്ഷം രൂപ മുടക്കിയാണ് ഇറിഗേഷൻ വകുപ്പ് അക്വഡേറ്റിൽ ഗേറ്റ് സ്ഥാപിച്ചത്. പ്രവേശന കവാടത്തിലും നടവഴിയിലുമാണ് ഗേറ്റുകൾ. ഇതിൻ്റെ താക്കോൽ ഇറിഗേഷൻ വകുപ്പ് സൂക്ഷിക്കും.

പ്രേമം സിനിമക്ക് ശേഷമാണ് ആലുവക്കകത്തും പുറത്തും പാലം പ്രശസ്തി നേടിയത്. നിരവധി ആളുകൾ പ്രദേശത്ത് എത്തിയിരുന്നെങ്കിലും ഇപ്പോൾ ലഹരിമാഫിയയുടെ താവളമാണ് പാലമെന്നാണ് നാട്ടുകാരുടെ ആരോപിക്കുന്നത്. 

SCROLL FOR NEXT