NEWSROOM

കേരളത്തെ വീണ്ടും വിറപ്പിച്ച് അമീബിക് മസ്തിഷ്കജ്വരം, എങ്ങനെ പ്രതിരോധിക്കാം?

രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ലെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

മെയ് മാസത്തില്‍ കോഴിക്കോട് അഞ്ച് വയസുകാരിയുടെ മരണത്തോടെടെയാണ് ഈ വർഷത്തെ ആദ്യ അമീബിക് മസ്തിഷ്കജ്വരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. രോഗാണു തലച്ചോറിലേക്ക് പ്രവേശിച്ച് മസ്തിഷ്ക മരണത്തിന് കാരണമാകുന്ന ഗുരുതരമായ രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ, നെയ്ഗ്ലേറിയ ഫൗളറി.

ഉയർന്ന താപനിലയിൽ മാത്രം അതിജീവിക്കുന്ന അമീബ, കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിയാക്കാത്ത സ്വിമ്മിങ് പൂളുകള്‍, തടാകങ്ങൾ, നദികൾ എന്നിവിടങ്ങളിലാണ് ഉണ്ടാവുക. ഇത്തരം വെള്ളത്തില്‍ കുളിക്കുന്നതിനിടെ രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കും. ഇവ തലച്ചോറിനെ കാര്‍ന്നുതിന്നും. പിന്നീട് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കും.

പ്രാരംഭ ഘട്ടത്തിൽ പനി, തലവേദന, ഛര്‍ദി, അപസ്മാരം, കാഴ്ചമങ്ങല്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പിന്നീട്, രോഗിയുടെ കഴുത്ത് വലിഞ്ഞു മുറുകുകയും അപസ്മാരം അനുഭവപ്പെടുകയും കോമയിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു. നെയ്ഗ്ലേറിയ ഫൗളറി അപൂർവരോഗ ഗണത്തിൽപെട്ടതാണെങ്കിലും മരണനിരക്ക് 97 ശതമാനത്തോളമാണ്. തുടക്കത്തില്‍ തന്നെ രോഗകാരണം സ്ഥിരീകരിക്കാന്‍ സാധിക്കാത്തതാണ് മരണസാധ്യത വര്‍ധിപ്പിക്കുന്നത്.

കുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതലായും രോഗം സ്ഥിരീകരിക്കുന്നത്. രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ലെന്നാണ് റിപ്പോർട്ട്. ക്ലോറിനേഷൻ നടത്തുകയാണ് പ്രധാനമായും ചെയ്യേണ്ടത്. വീടിന് പുറമേ മറ്റു ജലാശയങ്ങളിൽ കുളിക്കുമ്പോൾ വെള്ളം കുടിച്ചതു കൊണ്ട് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കണമെന്നില്ല. പ്രധാനമായും മൂക്കിലൂടെയാണ് രോഗാണു പ്രവേശിക്കുന്നത്. രോഗം വരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുകയെന്നതാണ് പ്രതിരോധം.

കേരളത്തില്‍ 2016ലാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. 2019, 2020, 2022, 2023 വര്‍ഷങ്ങളിലും പിന്നീട് കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

SCROLL FOR NEXT