ലോകത്ത് 84 രാജ്യങ്ങളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും കൂടുന്നതായി ലോകാരോഗ്യ സംഘടന(WHO). കോവിഡിൻ്റെ തീവ്ര വകഭേദങ്ങൾ വളരെ പെട്ടെന്ന് തന്നെ എത്തുമെന്ന് യുഎൻ ഹെൽത്ത് ഏജൻസിയും താക്കീത് നൽകിയിട്ടുണ്ട്.
കോവിഡ് 19 ഇപ്പോഴും നമ്മുടെയിടയിലുണ്ടെന്നും, എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് ഡോ. മരിയ വാൻ കെർക്കോവ് അറിയിച്ചു.
84 രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നുണ്ട്. മൊത്തത്തിലുള്ള ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിലും അധികമാണ്. പക്ഷേ ഓരോ മേഖലകളും അനുസരിച്ച് ഇതിന് വ്യത്യാസമുണ്ട്. യൂറോപ്പിൽ ഇത് 20 ശതമാനത്തിലും അധികമാണ്. വാൻ കൊർക്കോവ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് അനുസരിച്ച് അമേരിക്ക, യൂറോപ്പ്, വെസ്റ്റേൺ പസഫിക് എന്നിവിടങ്ങളിലാണ് കോവിഡിൻ്റെ പുതിയ തരംഗം കൂടുതലായുള്ളത്. കഴിഞ്ഞ കുറേ മാസങ്ങളായി പല രാജ്യങ്ങളിലും കോവിഡിൻ്റെ നിരക്ക് ഉയരുന്നുണ്ട്. പാരിസ് ഒളിംപിക്സിൽ 40 ഓളം അത്ലറ്റുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് തടയുവാൻ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും വാക്സിനേഷനിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.