
ഒരു മണിക്കൂറിനുള്ളിൽ രാജി വെക്കണമെന്ന പ്രക്ഷോഭകരുടെ സമ്മർദം രൂക്ഷമായതിനെ തുടർന്ന് രാജിവെച്ച് ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് ഒബൈദുൾ ഹസൻ. നേരത്തെ സുപ്രീം കോടതി വളഞ്ഞ പ്രക്ഷോഭകർ ഒരു മണിക്കൂറിനുള്ളിൽ ചീഫ് ജസ്റ്റിസ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജമുന ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രസിഡൻറ് മുഹമ്മദ് ഷഹാബുദീനുമായി വൈകുന്നേരം കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി പ്രഖ്യാപനം. ഇടക്കാല ഗവൺമെൻ്റിനെ അറിയിക്കാതെ കോടതി യോഗം വിളിച്ചു ചേർത്തതിനെ തുടർന്നാണ് പ്രക്ഷോഭകർ ചീഫ് ജസ്ററിസിൻ്റേയും മറ്റ് ജഡ്ജിമാരുടേയും രാജി ആവശ്യപ്പെട്ട് സുപ്രീംകോടതി വളഞ്ഞത്. സാഹചര്യം വഷളായതിനെ തുടർന്ന് യോഗം നിർത്തിവെച്ച ഹസൻ താൻ രാജി വെക്കുന്നതായി അറിയിക്കുകയായിരുന്നു.
അതേസമയം,ബംഗ്ലാദേശ് ബാങ്ക് ഗവർണർ രാജിക്കത്ത് നൽകിയിരുന്നുവെങ്കിലും അദ്ദേഗത്തിൻ്റെ പദവിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇതുവരെ രാജി സ്വീകരിച്ചിട്ടില്ലെന്ന് ധനകാര്യ മന്ത്രാലയ ഉപദേഷ്ടാവ് അറിയിച്ചു. പ്രക്ഷോഭത്തിനിടയിൽ 4 ഡെപ്യൂട്ടി ഗവർണർമാർ രാജി വെച്ചിരുന്നു.
പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് തിങ്കളാഴ്ച മുതൽ ഡൽഹിയിൽ താൽക്കാലികമായി അഭയം തേടിയിരിക്കുന്ന ഷെയ്ഖ് ഹസീന തെരഞ്ഞെടുപ്പിൽ പങ്കെടുക്കുവാൻ തിരിച്ചെത്തുവാൻ പദ്ധതിയുള്ളതായും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടർന്ന് ഇതുവരെ ഏകദേശം 450 ഓളം ആളുകളാണ് കൊല്ലപ്പെട്ടത്.