ബെയിലി പാല നിർമാണം 
NEWSROOM

ബെയ്‌ലി പാലനിർമാണം അവസാനഘട്ടത്തിൽ; രാത്രിയിലും പണി തുടർന്ന് സൈന്യം

പുഴയിലൂടെ ഫൂട്ട് ബ്രിഡ്ജ് നിർമ്മിക്കാനും ശ്രമം നടക്കുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുണ്ടക്കൈയിൽ സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലത്തിന്‍റെ നിർമാണം അവസാനഘട്ടത്തിൽ. പുഴയിലെ കുത്തൊഴുക്കിനെ അവഗണിച്ചും പാലം പണി പുരോ​ഗമിക്കുകയാണ്. രാവിലെയോടെ പണി പൂ‍‍ർത്തീകരിക്കുന്നതിനായി രാത്രിയിലും സൈന്യം കഠിനപരിശ്രമം തുടർന്നിരുന്നു. രാവിലെ പത്ത് മണിയോടെ പാലം പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സൈന്യം അറിയിച്ചു. പുഴയിലൂടെ ഫൂട്ട് ബ്രിഡ്ജ് നിർമ്മിക്കാനും ശ്രമം നടക്കുന്നുണ്ട്.

കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേർന്നിരുന്നു. 17 ട്രക്കുകളിലായാണ് പാലം നിര്‍മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്.

Also Read: 

പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേ​ഗത്തിൽ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരമേറിയ യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ മുണ്ടക്കൈയിലേക്ക് എത്തിക്കാൻ സു​ഗ​മമായ പാതയൊരുക്കുകയാണ് ഇതോടെ സൈന്യം.

ഒരു തരം പോർട്ടബിൾ, പ്രീ-ഫാബ്രിക്കേറ്റഡ്, ട്രസ് ബ്രിഡ്ജാണ് ബെയ്‌ലി പാലം. വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്നതാണ് ബെയ്‌ലി പാലങ്ങൾ. ദുരന്ത നിവാരണം, സൈനിക ആവശ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കാണ് ബെയ്ലി പാലങ്ങൾ പ്രധാനമായും ഉപയോ​ഗിക്കുക.

SCROLL FOR NEXT