തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഖണ്ഡ 2: താണ്ഡവം'. ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. സിനിമയ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ബാലകൃഷ്ണ ആരാധകർ. അതിൽ ഒരു ആരാധകൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.
രാജശേഖര്‍ പര്‍നപള്ളി എന്ന ബാലയ്യ ഫാൻ 'അഖണ്ഡ 2' വിന്റെ ഒറ്റ ടിക്കറ്റിനായി ചെലവാക്കിയത് ഒരു ലക്ഷം രൂപ ആണ്. ഇന്ത്യൻ വംശജനായ രാജശേഖര്‍ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലാണ് താമസം. 'അഖണ്ഡ 2'വിന്റെ ജർമിനിയിലെ വിതരണക്കാരായ താരക രാമ എന്റർടെയ്‌ൻമെന്റ്‌സ് സിനിമയുടെ ആദ്യ ടിക്കറ്റ് ലേലത്തിന് വെച്ചിരുന്നു. അഞ്ച് മേഖലകളിലായിട്ടായിരുന്നു ലേലം. ഈ ലേലത്തിലാണ് 1000 യൂറോയ്ക്ക് രാജശേഖര്‍ പര്‍നപള്ളി ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത്. ഇതുവരെ കേട്ടുകേൾവിയില്ലാത്ത തുകയാണിത്.
"ഏത് രാജ്യത്താണെങ്കിലും, ലോകത്തിലെവിടെയാണെങ്കിലും ഞാൻ ഒരു ബാലയ്യ ഫാൻ ആണ്. എന്റെ ഗ്രാമത്തിന്റെയും സീമാന്ധ്രയുടെയും രുചികൾ ഇവിടെ അനുഭവിക്കാൻ തോന്നുന്നത് പോലെ എനിക്കിപ്പോൾ തോന്നുന്നു. ആനന്ദപുരത്ത്, ബാലകൃഷ്ണയുടെ സിനിമകളുടെ റിലീസുകൾ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ച് ഞാൻ ആഘോഷിച്ചിരുന്നു. ഇപ്പോൾ ഇവിടെയും എനിക്ക് ഒന്നും നഷ്ടമാകുന്നില്ല. ഈ ടിക്കറ്റ് വാങ്ങിയതിൽ എനിക്ക് അഭിമാനമുണ്ട്,” രാജശേഖര്‍ പര്‍നപള്ളി പറഞ്ഞു. ജർമനിയിൽ ഒരു തെലുങ്ക് പടത്തിന് ഇതുവരെ ലഭിക്കാത്ത തുകയ്ക്കാണ് 'അഖണ്ഡ 2'ന്റെ വിതരണ അവകാശം താരക രാമ എന്റർടെയ്‌ൻമെന്റ്‌സ് സ്വന്തമാക്കിയത്.
ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം', ഇവരുടെ മുൻ ചിത്രമായ 'അഖണ്ഡ'യുടെ തുടർച്ചയായാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ പുറത്തു വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഇമോഷനും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും നേരത്തെ പുറത്തു വന്ന 'ബ്ലാസ്റ്റിംഗ് റോർ' വീഡിയോയും കാണിച്ചു തരുന്നത്.
ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. മലയാളി താരം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി ആണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്ര, കബീർ സിങ്, അച്ച്യുത് കുമാർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.