NEWSROOM

ബംഗാളി നടിയുടെ വെളിപ്പെടുത്തല്‍; ആരോപണത്തിന്‍റെ പേരില്‍ പുറത്താക്കില്ല; രഞ്ജിത്തിനെ പിന്തുണച്ച് സജി ചെറിയാന്‍

2009-10 കാലഘട്ടത്തല്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.

Author : ന്യൂസ് ഡെസ്ക്

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ നീക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ആരോപണം രഞ്ജിത്ത് തന്നെ നിഷേധിച്ചതാണ്. നടി പരാതി തന്നാല്‍ ബന്ധപ്പെട്ട ഏജന്‍സി അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. 2009-10 കാലഘട്ടത്തല്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.


രഞ്ജിത്ത് രാജ്യം കണ്ട പ്രഗല്‍ഭനായ കലാകാരനാണ്. മാധ്യമങ്ങളില്‍ നടത്തിയ ഒരു ആരോപണത്തിന്‍റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതു പക്ഷ സർക്കാർ വേട്ടക്കാർക്കൊപ്പമല്ല, ഇരയ്ക്കൊപ്പമാണ്. ഇടതുപക്ഷ സർക്കാർ സ്ത്രീപക്ഷത്താണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ല. പരാതിയുമായി മുന്നോട്ട് വന്നാല്‍ മാത്രമെ കേസെടുക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.

ALSO READ: നടക്കുന്നത് വ്യക്തിഹത്യ; സീരിയൽ അഭിനയം അവസാനിപ്പിക്കുന്നു: ഗായത്രി വർഷ


ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ ഇരകള്‍ പരാതിയുമായി മുന്നോട്ട് വന്നാല്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചായിരുന്നു സജി ചെറിയാന്‍റെയും പ്രതികരണം. വാർത്താ സമ്മേളനത്തിലുടനീളം മന്ത്രി രഞ്ജിത്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനം വഹിക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്‍റെ ഭാഗമായാണ്. അതില്‍ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. ആരോപണത്തില്‍ സിപിഎം അന്വേഷണം നടത്താതിരിക്കുമെന്ന് തോന്നുന്നുണ്ടോ എന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.

SCROLL FOR NEXT