NEWSROOM

"കമല ജനങ്ങള്‍ക്കു വേണ്ടി നിൽക്കുന്നു, ഞാൻ, ഞാൻ' എന്നാണ് ട്രംപ് ചിന്തിക്കുന്നത്"; ബിൽ ക്ലിൻ്റൺ

78 വയസ്സുള്ള താൻ ഡൊണാൾഡ് ട്രംപിനേക്കാൾ ചെറുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ അമേരിക്കൻ മുൻപ്രസിഡന്റും റിപ്പബ്ലിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ട്രംപ് സ്വാർത്ഥനും പ്രതികാരബുദ്ധിയുള്ളവനുമാണെന്ന് ക്ലിന്റൺ കുറ്റപ്പെടുത്തി.

Author : ന്യൂസ് ഡെസ്ക്



ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ഡെമോക്രാറ്റ് നേതാവും അമേരിക്കൻ മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റൺ. ട്രംപ് സ്വാർത്ഥനാണെന്നും അരാജകത്വം സൃഷ്ടിച്ചുവെന്നും ക്ലിന്റൺ കുറ്റപ്പെടുത്തി. ഡെമോക്രാറ്റിക്‌ നാഷണൽ കൺവെൻഷനിൽ സംവദിക്കുന്നതിനിടെയായിരുന്നു വിമർശനം.



ഡെമോക്രാറ്റിക്‌ നാഷണൽ കൺവെൻഷന്റെ രണ്ടാം ദിനത്തിൽ സംവദിക്കുന്നതിനിടെയായിരുന്നു മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ട്രംപിനെ വിമർശിച്ചത്.ഡെമോക്രാറ്റിക്‌ പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ് അമേരിക്കൻ പ്രസിഡന്റയാലുള്ള നേട്ടങ്ങൾ എണ്ണി പറയുന്നതിനിടെയാണ് ട്രംപിനെ കീറിമുറിച്ചുള്ള ക്ലിന്റണ്റെ വിമർശനം. തൻ്റെ പ്രായം പരാമർശിച്ചുകൊണ്ടായിരുന്നു ക്ലിൻ്റണ്‍ പ്രസംഗം തുടങ്ങിയത്.

78 വയസ്സുള്ള താൻ ഡൊണാൾഡ് ട്രംപിനേക്കാൾ ചെറുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ അമേരിക്കൻ മുൻപ്രസിഡന്റും റിപ്പബ്ലിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ട്രംപ് സ്വാർത്ഥനും പ്രതികാരബുദ്ധിയുള്ളവനുമാണെന്ന് ക്ലിന്റൺ കുറ്റപ്പെടുത്തി.

എപ്പോഴും 'ഞാൻ, ഞാൻ' എന്നാണ് ട്രംപ് ചിന്തിക്കുന്നത്. ട്രംപ് പ്രസിഡൻ്റായിരിക്കുമ്പോൾ രാജ്യത്ത്‌ അരാജകത്വം സൃഷ്ടിച്ചു. കമലാ ഹാരിസ്, ഡൊണാള്‍ഡ് ട്രംപ് ഇവരിൽ ആര് വേണമെന്നത് തെരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ജനതയ്ക്ക് അവസരമുണ്ട്. കമല ജനങ്ങള്‍ക്കു വേണ്ടിയും ട്രംപ് തനിക്കുവേണ്ടിയുമാണ് നിലകൊള്ളുന്നതെന്നും ബിൽ ക്ലിന്റൺ ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ ഭാവിയിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന, പ്രതിസന്ധികളെ ഒന്നിച്ച് നിന്ന് അതിജീവിച്ച് നേട്ടങ്ങൾ കൊയ്യുന്ന ഒരു നേതാവിനെയാണ് വേണ്ടതെങ്കിൽ , അത് കമലയിലൂടെ സാധ്യമാകുമെന്ന് ക്ലിന്റൺ പറഞ്ഞു.

ഓഗസ്റ്റ് 19നാണ് ഡെമോക്രാറ്റിക്‌ നാഷണൽ കൺവെൻഷൻ ആരംഭിച്ചത്. ബരാക് ഒബാമ അടക്കം നിരവധി പ്രമുഖർ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൺവെഷനിൽ സംവദിച്ചിരുന്നു.

SCROLL FOR NEXT