കെനിയയിലെ വാഹനാപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെയും മൃതദേഹം കൊച്ചിയിലെത്തിച്ചു. ഖത്തർ എയർവേയ്‌സിലാണ് അഞ്ചുപേരുടേയും മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹം ഏറ്റുവാങ്ങി.
മരിച്ച അഞ്ചു മലയാളികളുടെയും മൃതദേഹത്തെ അനുഗമിക്കുന്നവർക്ക് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയെ തുടർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് അനിശ്ചിതത്വത്തിൽ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കേന്ദ്ര സർക്കാർ നിബന്ധനയിൽ ഇളവ് അനുവദിക്കുകയായിരുന്നു.
എട്ട് മണിയോടെ വിമാനത്താവളത്തിൽ എത്തിയ മന്ത്രി മൃതദേഹം ഏറ്റുവാങ്ങുകയും ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വിനോദസഞ്ചാരത്തിന് പോയപ്പോഴാണ് ഇത്തരമൊരു അപകടം ഉണ്ടായത്. അപകടത്തിൽ പെട്ടവരുടെ വീട്ടുകാരെയൊക്കെ സന്ദർശിച്ചു. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി അറിയിച്ചു.
പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ, മകൾ ടൈറ റോഡ്വിഗസ്, തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, തൃശൂർ ചാവക്കാട് വെങ്കിടങ്ങ് സ്വദേശി കുറ്റിക്കാട്ട് ചാലിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്ന (29 ), ഒന്നര മാസം പ്രായമായ മകൾ റൂഹി മെഹറിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ജൂൺ 9 നാണ് ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. കെനിയയിലെ നെഹ്റൂറുവിൽ വെച്ച് ബസ് മറിയുകയായിരുന്നു. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ കെനിയയിലെ ലോകകേരള സഭ മുന്‍ അംഗങ്ങളായ ജി. പി. രാജ്മോഹന്‍, സജിത് ശങ്കര്‍ എന്നിവരും കേരള അസോസിയേഷന്‍ ഓഫ് കെനിയയിലെ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു