ജസ്‌ന തിരോധാനക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയുടെ മൊഴിയെടുക്കാനൊരുങ്ങി സിബിഐ. നാളെ മുണ്ടക്കയത്തെത്തി വിശദമായ മൊഴിയെടുക്കും. ലോഡ്ജിലെ മുന്‍ ജീവനക്കാരിയായ മുണ്ടക്കയം സ്വദേശിനി രമണിയാണ് വെളിപ്പെടുത്തൽ നടത്തിയത്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നെന്നും കോരുത്തോട് സ്വദേശിനിയായ ലോഡ്ജ് ജീവനക്കാരി പറയുന്നു. ഇവർ തന്നെയാണ് സിബിഐ ബന്ധപ്പെട്ടെന്ന കാര്യവും പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസമാണ് ആറ് വർഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പത്തനംതിട്ട സ്വദേശി ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടതായി രമണി വെളിപ്പെടുത്തിയത്. കാണാതാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജസ്നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ വെച്ച് കണ്ടിരുന്നുവെന്നും, ഉടമയുടെ ഭീഷണിയെ തുടർന്നാണ് ഇക്കാര്യങ്ങൾ പുറത്തു പറയാതിരുന്നതെന്നും രമണി വെളിപ്പെടുത്തിയിരുന്നു.
കാണാതാവുന്നതിന് ദിവസങ്ങൾക്കു മുമ്പായിരുന്നു രമണി ജസ്‌നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. കൂടെ മെലിഞ്ഞ ഒരു യുവാവും ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് എത്തിയതാണ് എന്നാണ് പെൺകുട്ടി ജീവനക്കാരിയോട് പറഞ്ഞിരുന്നത്. നാല് മണിക്കൂറോളം ഈ പെണ്‍കുട്ടി ലോഡ്ജിൽ ചെലവഴിച്ചു.
"അന്ന് എന്നെ കണ്ടപ്പോള്‍ ആ കുട്ടി ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലില്‍ കമ്പിയിട്ടത് ശ്രദ്ധിച്ചത്. പിന്നീട് മാധ്യമങ്ങളില്‍ ഫോട്ടോ വന്ന ശേഷമാണ് ജസ്നയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. 25 വയസ്സ് പ്രായം തോന്നിക്കുന്ന വെളുത്ത് മെലിഞ്ഞ ഒരു യുവാവും പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്നു. ജസ്‌നയുടെ മുഖം ശരിക്കും ഓര്‍മയുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് പെൺകുട്ടി ധരിച്ചിരുന്നത്,'' എന്നുമാണ് രമണിയുടെ വെളിപ്പെടുത്തൽ.
അതേസമയം, രമണിയുടെ പ്രസ്താവന തള്ളിക്കൊണ്ട് പിതാവ് ജെയിംസ് ജോസഫ് രംഗത്തെത്തി. ഇത് വാസ്തവ വിരുദ്ധമാണെന്നും അന്വേഷണത്തിന്‍റെ ഘടന മാറ്റാനുള്ള ശ്രമമാണിതെന്നും ജെയിംസ് പറഞ്ഞു. ഒരുമാസം മുമ്പ് ഈ വിവരങ്ങളുമായി ആരോ ബന്ധപ്പെട്ടിരുന്നു. വിവരമറിഞ്ഞപ്പോൾ സമാന്തര അന്വേഷണം കുടുംബം നടത്തി. അതിലൊരു വാസ്തവവും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തുവെന്ന് ജസ്നയുടെ പിതാവ് പറഞ്ഞു.
മുൻ ജീവനക്കാരിയുടെ വാദങ്ങൾ തള്ളി ലോഡ്ജ് ഉടമയും രംഗത്തെത്തിയിരുന്നു. ഇവർ ലോഡ്ജിൽ ലൈംഗിക തൊഴിൽ നടത്തിയിരുന്നുവെന്നും, ഇത് എതിർത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിനുള്ള കാരണമെന്നും ബിജു ആരോപിച്ചു. അന്വേഷണ സംഘം കൃത്യമായി വിവരങ്ങൾ ശേഖരിച്ചിരുന്നതാണെന്നും ലോഡ്ജ് ഉടമ പറഞ്ഞു.