കാണാതാവുന്നതിന് ദിവസങ്ങൾക്കു മുമ്പായിരുന്നു രമണി ജസ്‌നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. കൂടെ മെലിഞ്ഞ ഒരു യുവാവുമുണ്ടായിരുന്നു
ആറു വർഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പത്തനംതിട്ട സ്വദേശി ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടതായി വെളിപ്പെടുത്തൽ. ലോഡ്ജിലെ മുന്‍ ജീവനക്കാരിയായ മുണ്ടക്കയം സ്വദേശിനി രമണിയാണ് വെളിപ്പെടുത്തൽ നടത്തിയത്.
കാണാതാവുന്നതിന് ദിവസങ്ങൾക്കു മുമ്പായിരുന്നു രമണി ജസ്‌നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. കൂടെ മെലിഞ്ഞ ഒരു യുവാവുമുണ്ടായിരുന്നു. പരീക്ഷയ്ക്ക് എത്തിയതാണെന്നാണ് പെൺകുട്ടി ജീവനക്കാരിയോട് പറഞ്ഞിരുന്നത്. നാല് മണിക്കൂറോളം ഈ പെണ്‍കുട്ടി ലോഡ്ജിൽ ചെലവഴിച്ചു.
"അന്ന് എന്നെ കണ്ടപ്പോള്‍ ആ കുട്ടി ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലില്‍ കമ്പിയിട്ടത് ശ്രദ്ധിച്ചത്. പിന്നീട് മാധ്യമങ്ങളില്‍ ഫോട്ടോ വന്ന ശേഷമാണ് ജസ്നയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. 25 വയസ്സ് പ്രായം തോന്നിക്കുന്ന വെളുത്ത് മെലിഞ്ഞ ഒരു യുവാവും പെണ്കുട്ടിയുടെ കൂടെയുണ്ടായിരുന്നു. ജസ്‌നയുടെ മുഖം ശരിക്കും ഓര്‍മയുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് പെൺകുട്ടി ധരിച്ചിരുന്നത്,'' എന്നുമാണ് രമണിയുടെ വെളിപ്പെടുത്തൽ.
ALSO READ: പള്ളി തർക്കത്തിന്‍റെ പേരില്‍ സൈബർ ആക്രമണം; അധ്യാപികയുടെ പരാതിയിൽ ഒടുവില്‍ പൊലീസ് കേസ്
ലോഡ്ജിൽ 102-ാം നമ്പര്‍ മുറിയാണ് അവര്‍ എടുത്തിരുന്നതെന്നും അത് രജിസ്റ്ററില്‍ എഴുതിയിരുന്നില്ലന്നും രമണി പറഞ്ഞു. ജസ്നയാണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് ഇക്കാര്യം ലോഡ്ജ് ഉടമയെ അറിയിച്ചിരുന്നു. എന്നാല്‍, ഉടമ പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും രമണി പറഞ്ഞു. അന്വേഷണം നടക്കുന്ന സമയത്ത് ക്രൈംബ്രാഞ്ച് ലോഡ്ജ് ജീവനക്കാരിയെ ചോദ്യം ചെയ്തിരുന്നു.
ആറു വർഷങ്ങള്‍ക്ക് മുന്‍പ് മാർച്ച് 23 നാണ് ജസ്ന മരിയ ജെയിംസിനെ കാണാതാവുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധു വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ ജസ്ന പിന്നെ തിരിച്ചെത്തിയില്ല. പെണ്‍കുട്ടിയെ കാണാതായ ദിവസം നിരന്തരം വിളിച്ച ആണ്‍ സുഹൃത്തിനെ പല തവണ ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ 'പെണ്‍കുട്ടിയെ' കണ്ടുവെന്ന് പറയുന്ന ലോഡ്ജിന് സമീപത്തെ തുണിക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ആണ് ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി ലഭിച്ചത്.