NEWSROOM

സെൻസർഷിപ്പ് തർക്കം: ബ്രസീലിലെ ഓഫീസ് പൂട്ടി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സ്'

മുൻ വലതുപക്ഷ പ്രസിഡൻ്റ് ജെയർ ബോൾസനാരോയെ പിന്തുണക്കുന്ന നിരവധി പേർ 'എക്സ്' അക്കൗണ്ടുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് സുപ്രീം കോടതി ആരോപിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


സെൻസർഷിപ്പ് തർക്കത്തെ തുടർന്ന് ബ്രസീലിലെ ഓഫീസ് അടച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ്. രാജ്യത്തെ സെൻസർഷിപ്പ് ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ ബ്രസീലിലെ തങ്ങളുടെ നിയമ പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന് ബ്രസീലിയൻ സുപ്രീം കോടതി ജഡ്ജി അലക്സാണ്ടർ ഡി മൊറേസ് ഭീഷണിപ്പെടുത്തിയതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

അതേസമയം, സംഭവത്തോട് ബ്രസീൽ സുപ്രീം കോടതി പ്രതികരിച്ചിട്ടില്ല. ബ്രസീലിലെ ആളുകൾക്ക് ഇപ്പോഴും എക്സ് ഉപയോഗിക്കാൻ കഴിയുമെന്ന് എക്സ് ഔദ്യോഗികമായി അറിയിച്ചു. ചൈനീസ് പൗരത്വമുള്ള ശതകോടീശ്വരനായ എലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണിത്.


മുൻ വലതുപക്ഷ പ്രസിഡൻ്റ് ജെയർ ബോൾസനാരോയെ പിന്തുണക്കുന്ന നിരവധി പേർ 'എക്സ്' അക്കൗണ്ടുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് സുപ്രീം കോടതി ആരോപിക്കുന്നത്. അന്വേഷണത്തിലിരിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് സുപ്രീം കോടതി ജഡ്ജി മൊറേസ് ഉത്തരവിട്ടിരുന്നു.

ഇതിന് പിന്നാലെ എക്സ് ഉടമ ഇലോൺ മസ്ക് ബ്രസീലിയൻ സുപ്രീം കോടതി ജഡ്ജിയായ മൊറേസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അന്വേഷണം പുരോഗമിക്കവെ കോടതി ഉത്തരവ് ലംഘിച്ച് എക്സ് വീണ്ടും സജീവമാക്കിയ അക്കൗണ്ടിന് ഒരു ദിവസം 19,774 ഡോളർ പിഴ ചുമത്താൻ ജഡ്ജി ഉത്തരവിട്ടിരുന്നു.

നിയമലംഘനം സംഭവിക്കുകയാണെങ്കിൽ ബ്രസീലിലെ കമ്പനിയുടെ നിയമ പ്രതിനിധികളുടെ ബാധ്യതയെക്കുറിച്ചും ബ്രസീലിയൻ കോടതി ഊന്നിപ്പറഞ്ഞു. നീതി തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളുടെ പേരിൽ എക്സ് ഉടമയായ മസ്‌കിനെയും സുപ്രീം കോടതി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി.

SCROLL FOR NEXT