ചൂരൽമല ദുരന്തത്തിൽ അനുശോചനം അറിയിച്ച് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച സന്ദേശത്തിലാണ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. ഉരുൾപൊട്ടൽ നടന്നത് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ചൈനീസ് സർക്കാറിന് വേണ്ടി മരണപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നതായും സന്ദേശത്തിൽ പറഞ്ഞു.
നേരത്തെ ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിന്‍ ജിയാനും അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നടന്ന വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലുണ്ടായ മരണത്തില്‍ അഗാന്ധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നായിരുന്നു ലിന്‍ ജിയാന്‍ പറഞ്ഞിരുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ദുഃഖം പങ്കുവെച്ചിരുന്നു. കേരളത്തിലുണ്ടായ ഉരുള്‍പൊട്ടല്‍ വളരെ ദാരുണമായ സംഭവമാണ്. ദുരന്തത്തില്‍ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ ബന്ധുക്കളോടും പ്രിയപ്പെട്ടവരോടുമുള്ള എല്ലാവിധ പിന്തുണയും അറിയിക്കുന്നു എന്നുമായിരുന്നു പുടിന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.
ALSO READ: വയനാട്ടിലെ മണ്ണിടിച്ചിലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വിഘാതമാകുന്നത് കേന്ദ്രത്തിൻ്റെ ഈ ചട്ടങ്ങൾ
അതേസമയം വയനാട് ചൂരൽമല ദുരന്തത്തിൽ സുരക്ഷിതമായി തെരച്ചിൽ നടത്താൻ കഴിയുന്നിടത്തോളം രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വയനാട് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ സാംപിൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 366 ജീവനുകളാണ് ഇതുവരെ ദുരന്തത്തിൽ പൊലിഞ്ഞത്. ഇരുന്നൂറിലധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേരാണുള്ളത്. ഇന്നത്തെ തെരച്ചിലിൽ രണ്ട് മൃതദേഹഭാഗങ്ങൾ കൂടി കണ്ടെത്തി.ഇരുട്ടുകുത്തിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ ഉൾവനത്തിൽ ചാലിയാർ തീരത്താണ് മൃതദേഹ ഭാഗങ്ങൾ ലഭിച്ചത്. കാണാതായവരുടെ കണക്ക് വൈകാതെ പുറത്തുവിടുമെന്നും കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചിട്ടുണ്ട്.