
കേരളത്തെ പിടിച്ചുകുലുക്കിയ വയനാട്ടിലെ ദുരന്തത്തെ ഗുരതര സ്വഭാവമുള്ള ദുരന്തമായെങ്കിലും പ്രഖ്യാപിക്കണം എന്നാണ് ശശി തരൂർ എം പി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്. എന്നാൽ ചൂരൽമലയിലെ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങൾ വ്യക്തമാക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ ഒന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്ര ജലശക്തി മന്ത്രാലയത്തിലെ ചട്ടം. അതായത് സംസ്ഥാനത്തെ മൂന്നിലൊന്നു ജനതയേയും ബാധിക്കുന്ന അതീവ ഗുരുതര പ്രത്യാഘാതമുള്ളവയെ മാത്രമെ, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയുള്ളൂവെന്നാണ് ചട്ടം.
2009ലെ ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ച് പ്രകൃതി ദുരന്തങ്ങളൊന്നും നാഷണൽ കലാമിറ്റി അഥവാ ദേശീയ ദുരന്തമാകില്ല. എന്നാൽ, 'നാഷണൽ കലാമിറ്റി ഓഫ് റെയറസ്റ്റ് സിവിയറിറ്റി' അഥവാ 'അസാധാരണ പ്രത്യാഘാതങ്ങളുള്ള ദേശീയ ദുരന്ത'മായി പ്രഖ്യാപിക്കാം. അതു ചെയ്യേണ്ടത് ജലശക്തി മന്ത്രാലയമാണ്. ഒരു സംസ്ഥാനത്തെ മൂന്നിലൊന്നു ജനതയെയും ബാധിക്കുന്ന ദുരന്തത്തെയാണ് ഇങ്ങനെ പ്രഖ്യാപിക്കുന്നത്.
അതേസമയം, 2018ലെ പ്രളയത്തെ പോലും ഈ ഗണത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയിരുന്നില്ല. പകരം 'കലാമിറ്റി ഓഫ് സിവിയർ നേച്ചർ' എന്നു പ്രഖ്യാപിക്കുക മാത്രമാണ് ഉണ്ടായത്. സംസ്ഥാനം ആവശ്യപ്പെടുന്നത് അനുസരിച്ചുള്ള സഹായങ്ങൾ എത്തിക്കുക മാത്രമാണ് കലാമിറ്റി ഓഫ് സിവിയർ നേച്ചർ ആയാൽ ഉള്ള ബാധ്യത. നാൽപ്പതിനായിരം കോടി രൂപയുടെ നഷ്ടം കണക്കാക്കിയ 2018ലെ പ്രളയത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചിട്ടും കേന്ദ്രവിഹിതം 3,048 കോടി രൂപ മാത്രമായിരുന്നു.
അധിക അരി അനുവദിച്ചതിന് 208 കോടി രൂപയും, നേവിയുടെ വിമാനങ്ങളും ഹെലികോപ്റ്ററും ഉപയോഗിച്ചതിന് 103 കോടി 71 ലക്ഷം രൂപയും സംസ്ഥാനം നൽകേണ്ടി വന്നതും വിവാദമായിരുന്നു. എന്നാൽ, 2015ൽ ഇന്ത്യ ഒപ്പുവെച്ച സെൻഡായി ചട്ടം അനുസരിച്ച് കാലാവസ്ഥാ മാറ്റം മൂലമുള്ള ഏതു ദുരന്തവും മറികടക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. നഷ്ടപരിഹാരം മാത്രമല്ല പുനർനിർമാണവും ഇനി ആവർത്തിക്കാതിരിക്കാനുള്ള സന്നാഹങ്ങളും ഒരുക്കി നൽകേണ്ടത് രാജ്യത്തിന്‍റെ ചുമതലയാണ്.
ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം ചെലവഴിക്കണം എന്നും, തികയാതെ വന്നാൽ ദേശീയ ദുരന്തനിവാരണ കണ്ടിൻജൻസി ഫണ്ടിൽ നിന്നു വിനിയോഗിക്കാം എന്നും പത്താം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ചെലവാകുന്ന തുകയുടെ നാലിൽ മൂന്ന് കേന്ദ്രവും, നാലിലൊന്നു സംസ്ഥാനവും വഹിക്കണം എന്നുമായിരുന്നു ശുപാർശ. അതുപക്ഷേ, ജലശക്തി മന്ത്രാലയത്തിന്‍റെ ചട്ടങ്ങളിൽ ചേർത്തിട്ടില്ല. അതുകൊണ്ടു തന്നെ അതത് സമയത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് കേന്ദ്ര സർക്കാർ തീരുമാനം എടുക്കുകയാണ് പതിവ്.
2014ലെ കശ്മീർ പ്രളയത്തിലും, 2007ലെ ബിഹാർ പ്രളയത്തിലും, 2005ലെ മുംബൈ പ്രളയത്തിലും, 2001ലെ ഗുജറാത്ത് ഭൂകമ്പത്തിലും, 1999ലെ ഒഡീഷ കൊടും ചുഴലിയിലും, നാലിൽ മൂന്ന് തുക കേന്ദ്രം ചെലവഴിച്ചിരുന്നു. 2018ലെ കേരളത്തിലെ പ്രളയം കലാമിറ്റി ഓഫ് സിവിയർ നേച്ചർ ആയി പ്രഖ്യാപിച്ചപ്പോൾ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം വീതവും പരുക്കേറ്റവർക്ക് അരലക്ഷം വീതവും കേന്ദ്രഫണ്ടിൽ നിന്നു ലഭ്യമാക്കിയിരുന്നു. അന്നു വിദേശങ്ങളിൽ നിന്ന് സംസ്ഥാനം സഹായം സ്വീകരിക്കുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു കേന്ദ്രം വിലക്കുകയും ചെയ്തിരുന്നു.