ചൂരൽമല ദുരന്തമേഖലയിൽ ജീവൻ്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. തെരച്ചിലിൽ ഒന്നും കണ്ടെത്താനാവാത്തതിനെത്തുടർന്ന് രക്ഷാ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു.
അശ്രദ്ധ മൂലം ഒരു ജീവൻ പോലും നഷ്ടപ്പെടരുതെന്ന തീരുമാനത്തിൻ്റെ പുറത്താണ് രാത്രിയിലും രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സൈന്യത്തിൻ്റെ പത്തു പേരടങ്ങുന്ന പ്രത്യേക സംഘമാണ് മുണ്ടക്കൈയിൽ തെരച്ചിൽ നടത്തിയത്.ഫ്ലഡ് ലൈറ്റ് ഉൾപ്പെടെ ക്രമീകരിച്ചു കൊണ്ടായിരുന്നു പരിശോധന . മുഖ്യമന്ത്രിയുടെ നിർദേശത്തെ തുർടന്നാണ് പരിശോധന പുനരാരംഭിച്ചത്.
സേനാ വിഭാഗങ്ങളും പൊലീസും ഫയർ ആന്‍റ് റെസ്ക്യൂ വിഭാഗവും നേതൃത്വം നൽകുന്ന തെരച്ചിലിൽ ഈ രംഗത്ത് പ്രാവീണ്യമുള്ള സ്വകാര്യ കമ്പനികളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലെ തീരുമാനപ്രകാരം ദുരന്തമേഖലയെ ആറ് സെക്ടറുകളാക്കി വിഭജിച്ചാണ് വെള്ളിയാഴ്ച്ച തെരച്ചിൽ നടത്തിയത്.68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്. രണ്ട് ഹെലിക്കോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശനിരീക്ഷണം നടത്തുന്നതിനായി ഉപയോഗിച്ചു. ക്രെയിനുകള്‍, കോൺക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍ എന്നിവയും ഉപയോഗിക്കുന്നുണ്ട്. ഇന്ധനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനായി ടാങ്കറുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ടായിരുന്നു.