NEWSROOM

ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; തെരച്ചിൽ തുടരുകയാണെന്ന് സൈന്യം

കിഷ്ത്വാർ ജില്ലയിലെ പദ്ദർ ബതം മേഖലയിലാണ് ഇന്ന് വെടിവെപ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്


ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവെപ്പ് നടന്നു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ പദ്ദർ ബതം മേഖലയിലാണ് ഇന്ന് വെടിവയ്പ്പ് നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.



ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ കഴിഞ്ഞ ദിവസവും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. അനന്ത്‌നാഗ് ജില്ലയിലെ അഹ്‌ലൻ ഗഡോളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും രണ്ട് സൈനികർക്കും, രണ്ട് പ്രദേശവാസികൾക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു.

തെക്കൻ കശ്മീരിലെ കോക്കർനാഗ് സബ് ഡിവിഷനിലെ വനത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഭീകരർ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. വനത്തിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് കരുതുന്ന പ്രദേശങ്ങളിൽ സൈന്യം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.



കഴിഞ്ഞ ഒരു വർഷത്തിനിടെ കൊക്കർനാഗിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് കഴിഞ്ഞ ദിവസം നടന്നത്. 2023 സെപ്റ്റംബറിൽ കോക്കർനാഗ് വനത്തിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഒരു കമാൻഡിംഗ് ഓഫീസറും ഒരു മേജറും ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും ഉൾപ്പെട്ടിരുന്നു.

SCROLL FOR NEXT