
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ കഴിഞ്ഞദിവസം സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഭീകരരുടെ ആക്രമണത്തിൽ രണ്ട് സൈനികർക്കും, രണ്ട് പ്രദേശവാസികൾക്കും പരുക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു. പരുക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കൂടുതൽ പ്രദേശവാസികളെ ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അനന്ത്‌നാഗ് ജില്ലയിലെ അഹ്‌ലൻ ഗഡോളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വനത്തിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് കരുതുന്ന പ്രദേശങ്ങളിൽ സൈന്യം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. തെക്കൻ കശ്മീരിലെ കോക്കർനാഗ് സബ്ഡിവിഷനിലെ വനത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഭീകരർ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.
മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ സേന തെരച്ചിൽ നടത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കൊക്കർനാഗിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് കഴിഞ്ഞ ദിവസം നടന്നത്. 2023 സെപ്റ്റംബറിൽ കോക്കർനാഗ് വനത്തിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഒരു കമാൻഡിംഗ് ഓഫീസറും ഒരു മേജറും ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും ഉൾപ്പെട്ടിരുന്നു.