പ്രതീകാത്മക ചിത്രം 
NEWSROOM

ആദിവാസിയായ സർക്കാർ ജീവനക്കാരനെ മർദിച്ച സംഭവം; അക്രമികൾക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് പരാതി

ഫാമിനകത്ത് കയറി ദൃശ്യങ്ങൾ എടുത്ത സംഘം സഞ്ചരിച്ച വാഹനത്തിൻ്റെ ഫോട്ടോ പകർത്തിയെന്നാരോപിച്ചായിരുന്നു മർദനമെന്ന് ബാബു പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ ആറളം ഫാമിൽ ആദിവാസിയായ സർക്കാർ ജീവനക്കാരനെ മർദിച്ചവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് പരാതി. ഫാം വികസന കോർപ്പറേഷനിലെ ജീവനക്കാരൻ ബാബുവിനെയാണ് ജോലിക്കിടെ ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. മൊഴി നൽകാൻ എത്തിയപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ബാബു പറയുന്നു. ആഗസ്ത് ഒൻപതിനാണ് ആറളം ഫാം അഞ്ചാം ബ്ലോക്കിലെ ഉൾക്കാട്ടിൽ വെച്ച് ഫാമിലെ ജീവനക്കാരനായ സി ബാബുവിന് മർദനമേൽക്കുന്നത്. ഫാമിനകത്ത് കയറി ദൃശ്യങ്ങൾ എടുത്ത സംഘം സഞ്ചരിച്ച വാഹനത്തിൻ്റെ ഫോട്ടോ പകർത്തിയെന്നാരോപിച്ചായിരുന്നു മർദനമെന്ന് ബാബു പറഞ്ഞു.

അക്രമത്തിൽ നടപടി എടുക്കാൻ ആവശ്യപ്പെട്ട് സബ് കളക്ടർ നൽകിയ കത്തിൽ പട്ടിക വർഗ്ഗക്കാരുടെ സംരക്ഷണ നിയമപ്രകാരം അന്വേഷിച്ച് കേസെടുക്കണം എന്ന് പ്രത്യേകം പറയുന്നുണ്ട്. എന്നാൽ പോലീസ് ഒരു അന്വേഷണവും നടത്തിയില്ലെന്നും സ്റ്റേഷനിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് ബാബുവിൻ്റെ  പരാതി.

സർക്കാർ ജീവനക്കാരനെ ആക്രമിച്ച സംഭവം ഉണ്ടായിട്ടും ആക്രമികളുടെ രാഷ്ട്രീയ സ്വാധീനമാണ് നടപടി എടുക്കാതിരിക്കാൻ കാരണമെന്നാണ് സൂചന. പരാതി പറഞ്ഞാൽ കൊല്ലുമെന്നുൾപ്പെടെ പ്രതികൾ ഭീഷണിപ്പെടുത്തിയതായി ബാബു പറയുന്നുണ്ട്. ആദിവാസിയായത് കൊണ്ടല്ലേ സർക്കാർ ജീവനക്കാരനായിട്ടും മറ്റുള്ളവർക്ക് കിട്ടുന്ന നീതി തനിക്ക് കിട്ടാത്തത് എന്നും ബാബു ചോദിച്ചു.

പൊലീസ് നടപടി ഇല്ലാത്തതോടെ ഇരിട്ടി അസിസ്റ്റൻ്റ് കമ്മീഷണർക്ക് ബാബു  പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഫാം വികസന കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാരനാണ് ബാബു. പുറത്തുനിന്ന് ആളുകൾ എത്തി ആദിവാസികളെ ഉപദ്രവിക്കുന്നത് പതിവാണെന്നും ബാബു പറയുന്നു.

SCROLL FOR NEXT