കോട്ടയം നഗരസഭാ പെൻഷൻ തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഇഴയുന്നതായി പരാതി. തട്ടിപ്പ് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒളിവിൽ കഴിയുന്ന പ്രധാന പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം. കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരനായ അഖിൽ സി. വർഗീസ് ആണ് മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് നടത്തിയ പ്രതി അഖിൽ സി വർഗീസ് ഇപ്പോഴും ഒളിവിലാണ്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിലെ അപാകതയും നഗരസഭാ അധികൃതരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ നഗരസഭയിലേക്ക് പ്രതിഷേധങ്ങൾ നടത്തുകയാണ്.
ALSO READ: തൃശൂരിലെ തീരദേശ മേഖലകളിൽ വീണ്ടും പിടിമുറുക്കി അവയവ മാഫിയ; ഇരകൾ നിർധന കുടുംബങ്ങളിലെ സ്ത്രീകൾ
നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അഖിലിനെ സസ്‌പെൻഡ് ചെയ്തിരുന്നു. നിലവിൽ വൈക്കം നഗരസഭയിലാണ് അഖിൽ ജോലി ചെയ്തിരുന്നത്. തട്ടിപ്പ് തെളിഞ്ഞ സാഹചര്യത്തിൽ കോട്ടയം നഗരസഭയിലെ മൂന്ന് ജീവനക്കാരെ നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തു.
പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ.ജി, അക്കൗണ്ട് വിഭാഗത്തിലെ ബിൽ തയ്യാറാക്കുന്ന സന്തോഷ് കുമാർ എന്നിവരെയായിരുന്നു സസ്‌പെൻഡ് ചെയ്തത്. പ്രതി അഖിലിനെതിരെ വൈക്കം നഗരസഭയിലും പരാതികൾ ഉയർന്നിരുന്നു.