
തൃശൂർ ജില്ലയുടെ തീരദേശ മേഖല കേന്ദ്രീകരിച്ച് 'അവയവ മാഫിയ' വീണ്ടും പിടിമുറുക്കുന്നതായി പരാതി. കൊടുങ്ങല്ലൂർ, കൈപ്പമംഗലം മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് ആരോപണം. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഷമീർ കടമ്പോട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.
ജില്ലയുടെ തീരദേശ മേഖലയിലെ പഞ്ചായത്തുകളായ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അവയവ മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് ആരോപണം. കഴിഞ്ഞ ഏതാനം മാസങ്ങൾക്കുള്ളിൽ നിരവധിയാളുകളാണ് അവയവ ദാനത്തിനുള്ള സാക്ഷ്യപത്രം ആവശ്യപ്പെട്ട് പഞ്ചായത്തുകളെ സമീപിച്ചത്. അപേക്ഷകരിൽ ഭൂരിഭാഗം പേരും നിർധന കുടുംബങ്ങളിലെ സ്ത്രീകളാണ്.
സാക്ഷ്യപത്രം ആവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിച്ചവർ നൽകിയ അപേക്ഷകൾക്കെല്ലാം പൊതുസ്വഭാവം ഉണ്ടെന്ന് കണ്ടെത്തി. 202ൽ ഈ മേഖലയിൽ നിന്ന് 25ഓളം പേർ വൃക്ക ദാനം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീടത് അവസാനിപ്പിച്ചു. ഇതിന് ശേഷം അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും കഴിഞ്ഞ ആറ് മാസത്തിനിടയിൽ വീണ്ടും നിരവധി പേർ സമ്മതപത്രം ആവശ്യപ്പെട്ട് സമീപിച്ചതായാണ് പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നത്.
ജനപ്രതിനിധികൾ വിവരം നൽകിയതിനെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് അവയവ ദാനം നടത്തിയവരുടെ സാമ്പത്തിക സ്ഥിതിയടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘം റിപ്പോർട്ട് ശേഖരിച്ചതായാണ് സൂചന. ഇതിന് പിന്നാലെ പൊതുപ്രവർത്തകനായ ഷമീർ കടമ്പോട്ട് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.
2020ല്‍ കൊടുങ്ങല്ലൂരിലെ അഴീക്കോട്, പുല്ലൂറ്റ്, എറിയാട് വില്ലേജുകള്‍ കേന്ദ്രീകരിച്ചാണ് അവയവ കച്ചവടം നടന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി. സുദര്‍ശന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, തെളിവുകൾ കണ്ടെത്താനാവാത്തതിനെ തുടർന്ന് അന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു.