NEWSROOM

സിദ്ദീഖിന്റെ വാദം തള്ളി ജഗദീഷ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ AMMA-യിലെ ഭിന്നത പുറത്ത്

പരാതികള്‍ ഇല്ലെന്ന സിദ്ദീഖിന്റെ നിലപാടിന് കടകവിരുദ്ധമായിരുന്നു ജഗദീഷിന്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി താര സംഘടനയായ AMMA-യില്‍ പരസ്യ ഭിന്നത. 2006ല്‍ ഒരു പരാതി ലഭിച്ചതൊഴിച്ചാല്‍ പരാതികള്‍ ഒറ്റപ്പെട്ടതാണെന്ന ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ വാദം വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് തള്ളി. കാസ്റ്റിംഗ് കൗച്ച് പരാതികള്‍ ഇല്ലെന്ന സിദ്ദീഖിന്റെ നിലപാടിന് കടകവിരുദ്ധമായിരുന്നു ജഗദീഷിന്റെ പ്രതികരണം. AMMA-യില്‍ സ്ത്രീകള്‍ പറഞ്ഞില്ല എന്നതുകൊണ്ട് പരാതിയില്ല എന്നല്ല അര്‍ഥമെന്ന് ജഗദീഷ് തുറന്നടിച്ചു.


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനുശേഷം നിലപാട് വ്യക്തമാക്കാന്‍ വൈകുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ അഞ്ചാം നാളാണ് AMMA ഭാരവാഹികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. താര ഷോയുടെ തിരക്കിലായത് കൊണ്ടാണ് പ്രതികരണം വൈകിയതെന്നും ഒളിച്ചോടിയിട്ടില്ലെന്നും വിശദീകരിച്ചാണ് സിദ്ദീഖ് വാര്‍ത്താസമ്മേളനം തുടങ്ങിയത്. റിപ്പോര്‍ട്ടിനെ പൂര്‍ണമായും അംഗീകരിക്കുന്നതായിരുന്നു അമ്മയുടെ ഔദ്യോഗിക നിലപാട്.


കാസ്റ്റിംഗ് കൗച്ച് സിനിമയില്‍ നിലനില്‍ക്കുന്നുണ്ടോ എന്നതില്‍ വ്യക്തമായ മറുപടി നല്‍കാതെ സിദ്ദീഖ് ഒഴിഞ്ഞു മാറി. സംഘടനയില്‍ ആരും പരാതി നല്‍കിയിട്ടില്ല. കുറ്റക്കാരുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലായെന്നും സിദ്ദീഖ് വ്യക്തമാക്കി. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഇല്ലെന്നും ആര്‍ക്കും അവസരം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കോണ്‍ക്ലെവിന്റെ ഉദ്ദേശമോ ഘടനയോ അറിയില്ലെന്നും ക്ഷണം ലഭിച്ചിട്ടില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി.

സെറ്റുകളിലെ പ്രാഥമിക സൗകര്യം സംബന്ധിച്ച് ഇടപെടുന്നതില്‍ AMMA സംഘടനയ്ക്ക് പരിമിതിയുണ്ടെന്നും ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ചോദ്യങ്ങളില്‍ നിന്ന് വഴുതി മാറിയാണ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. അതേസമയം കാസ്റ്റിംഗ് കൗച്ച് പോലുള്ളവ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നാണ് വനിതാ എക്‌സിക്യൂട്ടീവ് അംഗമായ ജോമോള്‍ പ്രതികരിച്ചത്.

ആര് ആരോപണം ഉന്നയിച്ചാലും പരിഹാരം കണ്ടെത്തേണ്ടത് ആവശ്യമാണെന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം. വേട്ടക്കാരന്റെ പേര് ഒഴിവാക്കാന്‍ ആരും പറഞ്ഞിട്ടില്ല. വേട്ടക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവരണമെന്നും ജഗദീഷ് പറഞ്ഞു. റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി സിനിമാ രംഗത്തെയാകെ കുറ്റം പറയുന്നതിനോട് യോജിപ്പില്ല. ഇത് സമൂഹത്തിന്റെയാകെ പ്രശ്‌നമാണ്. സമൂഹത്തിന്റെ ഭാഗമായ സിനിമാ മേഖലയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തുവരണം.



റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ശരിയാണ്. ഒറ്റപ്പെട്ട സംഭവമായി മാറ്റി നിര്‍ത്താന്‍ കഴിയില്ല. കുറ്റക്കാരെ ശിക്ഷിക്കണം. പേജുകള്‍ ഒഴിവാക്കിയതില്‍ സര്‍ക്കാര്‍ മറുപടി പറയണം. വാതിലില്‍ മുട്ടി എന്ന് പറയുമ്പോള്‍ ഏത് വാതില്‍ എന്ന് ചോദിക്കേണ്ട ആവശ്യമില്ലെന്നും ജഗദീഷ് പറഞ്ഞു.

SCROLL FOR NEXT