NEWSROOM

തൊടുപുഴയിൽ കോൺഗ്രസ്‌ കാണിച്ചത് രാഷ്ട്രീയ വഞ്ചന; യുഡിഎഫിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുസ്ലിം ലീഗ്

മുസ്ലിം ലീഗ് വെച്ചുകൊടുത്ത കോണിപ്പടിയിലൂടെ പലരും കയറിപ്പോവുകയാണ് ഉണ്ടായതെന്നും ലീ​ഗ് കോൺ​ഗ്രസിനെ വിമ‍ർശിച്ചു

Author : ന്യൂസ് ഡെസ്ക്

തൊടുപുഴ ന​ഗരസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നിലനി‍ർത്തിയതിന് തൊട്ടുപിന്നാലെ, ജില്ലയിൽ യുഡിഎഫിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ച് മുസ്ലിം ലീഗ്. കോൺ​ഗ്രസിനെതിരെ ​ഗുരുതര ആരോപണമുയ‍ർത്തിയാണ് മുസ്ലിം ലീ​ഗ് വിട്ടുനിൽക്കാനുള്ള തീരുമാനം സംസ്ഥാനനേതൃത്വത്തെ അറിയിച്ചത്. തൊടുപുഴ നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും, മുസ്ലിം ലീഗിനെ വിട്ടുവീഴ്ച പഠിപ്പിക്കേണ്ടെന്നും ലീ​ഗ് പറഞ്ഞു. ധാരണ തെറ്റിച്ചത് കോൺഗ്രസാണെന്നും, ഇടുക്കി ജില്ലയിൽ യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗ് വിട്ടുനിൽക്കുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ്‌ കെഎംഎ ഷുക്കൂർ പറഞ്ഞു. മുസ്ലിം ലീഗ് വെച്ചുകൊടുത്ത കോണിപ്പടിയിലൂടെ പലരും കയറിപ്പോവുകയാണ് ഉണ്ടായതെന്നും ലീ​ഗ് കോൺ​ഗ്രസിനെ വിമ‍ർശിച്ചു. യുഡിഎഫിലെ മുതിർന്ന നേതാവായ പി.ജെ. ജോസഫ് പ്രശ്‌നത്തിൽ അവധാനതയോടെ പ്രവർത്തിക്കണമായിരുന്നുവെന്നും ലീഗ് പറഞ്ഞു.

അതേസമയം, യുഡിഎഫിലെ ഐക്യമില്ലായ്മയാണ് തൊടുപുഴ നഗരസഭയിൽ സംഭവിച്ചതെന്ന് കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം പറഞ്ഞു. കോൺഗ്രസും മുസ്ലിംലീഗും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നും, കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം നിഷ്‌പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നും ജോസഫ് വിഭാഗം കൗൺസിലർ ജോസഫ് ജോൺ പറഞ്ഞു. യുഡിഎഫിൽ മേൽക്കോയ്മ അല്ല, ഐക്യമാണ് വേണ്ടതെന്നും ജോസഫ് ജോൺ പറഞ്ഞു. യുഡിഎഫിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതിനെ തുട‍ർന്ന്, കോൺഗ്രസ്‌ സംസ്ഥാന നേതൃത്വവുമായി ലീഗ് നേതൃത്വം ചർച്ച നടത്തും.

അധ്യക്ഷ സ്ഥാനത്തെ ചൊല്ലി മുസ്ലിംലീഗും കോൺഗ്രസും തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. തുടർന്ന്, മുസ്ലിംലീഗും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതാണ് ഭൂരിപക്ഷമുണ്ടായിട്ടും തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായത്. ഇതോടൊപ്പം, ലീഗിൻ്റെ അഞ്ച് കൗൺസിലർമാർ സിപിഎമ്മിന് വോട്ട് ചെയ്യുകയും ചെയ്തതോടെയാണ് തൊടുപുഴ നഗരസഭാ ചെയർപേഴ്സണായി സിപിഎമ്മിൻ്റെ സബീന ബിഞ്ചു തെരഞ്ഞെടുക്കപ്പെട്ടത്.

SCROLL FOR NEXT