CRIME

നാല് വർഷത്തെ പ്രണയബന്ധത്തിൽ നിന്ന് പിൻമാറി; ഡൽഹിയിൽ പട്ടാപ്പകൽ 20കാരിയെ കുത്തിക്കൊന്ന് യുവാവ്

പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം, 'ഞാൻ അവളെ കൊന്നു, ' എന്ന് പ്രതി ആക്രോശിച്ചിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യതലസ്ഥാനത്ത് പട്ടാപ്പകല്‍ ഇരുപതുകാരിയെ കുത്തിക്കൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹയിലെ നന്ദ് നഗരിയിലാണ് സംഭവം. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതില്‍ പ്രകോപിതനായ സുഹൃത്താണ് യുവതിയെ കൊലപ്പെടുത്തിയത്.

ഡൽഹി നന്ദ് നഗരിയിൽ ഇന്ന് രാവിലെയാണ് നടുക്കുന്ന സംഭവമുണ്ടായത്. നന്ദ് നഗരി സ്വദേശിയായ ഇരുപതുകാരിയും യുവാവും തമ്മിൽ നാല് വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്ത കുറച്ച് നാളുകളായി പെൺകുട്ടി യുവാവിനോട് അകൽച്ച കാണിക്കുകയും പ്രണയബന്ധത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. ഈ വൈരാഗ്യത്തിലാണ് പ്രതിയായ ഇരുപത്തി മൂന്നുകാരൻ പെൺകുട്ടിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയത്.

പെൺകുട്ടിയുടെ വീടിന് സമീപത്ത് വെച്ചായിരുന്നു അതിക്രമം. സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയ പെൺകുട്ടിയെ യുവാവ് തടഞ്ഞുനിർത്തി. ശേഷം, കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം, 'ഞാൻ അവളെ കൊന്നു, ' എന്ന് പ്രതി ആക്രോശിച്ചിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു.

ഒന്നിലധികം തവണ കുത്തേറ്റ പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.

SCROLL FOR NEXT