കൊല്ലം: കൊട്ടാരക്കരയിൽ മൂന്ന് പേരുടെ ജീവനെടുത്ത കിണർ ദുരന്തത്തിലേക്ക് നയിച്ചത് അർച്ചനയും സുഹൃത്തും തമ്മിലുള്ള തർക്കമെന്ന് നാട്ടുകാർ. അർച്ചനയുടെ സുഹൃത്ത് ശിവയും സുഹൃത്തുക്കളും വീട്ടിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയായിരുന്നു തർക്കം. അർച്ചനയെ ശിവ മർദിച്ചെന്ന് സൂചന നൽകുന്ന ദൃശ്യങ്ങളും ന്യൂസ് മലയാളത്തിന് ലഭിച്ചു.
ഇന്ന് പുലർച്ചെയാണ് കൊട്ടാരക്കര ഫയർഫോഴ്സിന് യുവതി കിണറ്റിൽപ്പെട്ടതായി ഫോണ്‍ കോൾ വരുന്നത്. 80 അടി താഴ്ച്ചയുള്ള കിണറ്റിലേക്ക് യുവതി ചാടിയെന്നായിരുന്നു സന്ദേശം. രക്ഷാസംഘം എത്തുമ്പോൾ നെടുവത്തൂർ സ്വദേശി അർച്ചനയുടെ രണ്ട് മക്കള്‍ വഴിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു.
അഗ്നിരക്ഷാ സേന കൊട്ടാരക്കര യൂണിറ്റ് അംഗമായ സോണി, കിണറ്റിൽ പെട്ട യുവതിയെ രക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞുവീണു. സോണി കിണറ്റിലേക്ക് പതിച്ചു. കിണറിന് അരികില്‍ നില്‍ക്കുകയായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
കുറച്ച് നാളുകളായി ശിവകൃഷ്ണനും അർച്ചനയും ഒരുമിച്ചായിരുന്നു താമസമെന്ന് നാട്ടുകാർ പറയുന്നു . ഇവർ തമ്മിലുള്ള തർക്കമാണ് അർച്ചന കിണറ്റിലേക്ക് ചാടാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. അർച്ചനയ്ക്ക് മർദനമേറ്റിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ശിവകൃഷ്ണന്റെ അശ്രദ്ധയും ഇയാള്‍ കിണറിനടുത്തേക്ക് പോയതുമാണ് അപകടത്തിന് വഴിവെച്ചതെന്ന് ദൃക്‌സാക്ഷികളും പറയുന്നു. കൈവരിയുടെ ബലക്കുറവാണ് അപകടത്തിന് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.