മുഹമ്മദലി, കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം Source: News Malayalam 24x7
CRIME

മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ വഴിത്തിരിവ്; 39 വര്‍ഷം മുമ്പുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു; കൊലപാതകത്തിന്റെ സൂചനയില്ല

മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കൂടരഞ്ഞി കൊലപാതക വെളിപ്പെടുത്തലില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതായി അന്വേഷണ സംഘം. 39 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ കൂടരഞ്ഞി സ്വദേശി മുഹമ്മദലി നടത്തിയ വെളിപ്പെടുത്തലിലാണ് പോസ്റ്റ്‌മോര്‍ട്ട്ം റിപ്പോര്‍ട്ട് ലഭിച്ചത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ഇന്നാണ് പൊലീസിന് ലഭിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും മര്‍ദനത്തിന്റെ പാടുകള്‍ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചയാളുടെ ശ്വാസകോശത്തില്‍ ചെളിയും മണ്ണും കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദലി വെളിപ്പെടുത്തിയതു പോലെ നടന്നത് കൊലപാതകം ആണെന്ന് സ്ഥിരീകരിക്കാന്‍ ആവില്ലെന്നും അന്വേഷണ സംഘം പറയുന്നു.

1986ല്‍ കൂടരഞ്ഞിയില്‍ കൊലപാതകം നടത്തിയെന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ പൊലീസ് രേഖാചിത്രവും തയ്യാറാക്കിയിരുന്നു. കോഴിക്കോട് കൂടരഞ്ഞിയിലെ മിഷന്‍ ആശുപത്രിക്ക് പിന്‍വശത്തെ തോട്ടില്‍ 14 വയസുള്ള തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ചവിട്ടിവീഴ്ത്തി കൊലപ്പെടുത്തി എന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍.വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേല്‍ പറഞ്ഞ സ്ഥലത്ത് നിന്നും 20 വയസ് പ്രായം തോന്നിക്കുന്ന ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നതായി അറിഞ്ഞു. എന്നാല്‍ അന്നും ഇന്നും മരിച്ചത് ആര് എന്നതിലെ അവ്യക്തത തുടരുകയാണ്.

അതേസമയം മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ കള്ളമാണെന്നായിരുന്നു മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ തോമസ് ഒ. പി. ന്യൂസ് മലയാളത്തോട് പറഞ്ഞത്. അപസ്മാരത്തെ തുടര്‍ന്നാണ് മരണം എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 14 വയസുകാരന് കൊല്ലാന്‍ കഴിയുന്ന ആരോഗ്യസ്ഥിതിയുള്ള ആളായിരുന്നില്ല അതെന്നും തോമസ് ഒ. പി. ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT