ഡൽഹി: നിസാമുദീനിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 42കാരനെ കുത്തിക്കൊന്നു. നടി ഹുമ ഖുറേഷിയുടെ ബന്ധുവായ ആസിഫ് ഖുറേഷിയാണ് കൊല്ലപ്പെട്ടത്. വീടിന് മുൻപിൽ ഇരുചക്രം വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീടിൻ്റെ ഗേറ്റിന് മുന്നിൽ നിർത്തിയ വാഹനങ്ങൾ മാറ്റി നിർത്താൻ ആവശ്യപ്പെട്ടതോടെയാണ് ആസിഫും യുവാക്കളും തമ്മിൽ തർക്കം ആരംഭിക്കുന്നത്. പിന്നാലെ വാക്കുതർക്കമുണ്ടായി. അൽപസമയം കഴിഞ്ഞ് തിരിച്ചുവരുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാക്കൾ സ്ഥലം വിട്ടത്.
മിനുറ്റുകൾക്കകം മാരകായുധങ്ങളുമായി ഇവർ വീടിന് മുന്നിലെത്തി. സഹായത്തിനായി സഹോദരനെ വിളിച്ചെങ്കിലും അക്രമികൾ ആസിഫിനെ കൊലപ്പെടുത്തിയിരുന്നെന്ന് ഭാര്യ ഷഹീൻ പറയുന്നു. ആസിഫിനെ ഉടൻ തന്നെ കൈലാഷിലെ നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി മുമ്പും തന്റെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് ആസിഫിന്റെ ഭാര്യ ആരോപിച്ചു. പ്രതികളായ ഉജ്ജ്വൽ (19), ഗൗതം (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.