പ്രതികൾ പെൺകുട്ടിയെ പിന്തുടരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ Source: X
CRIME

ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതികളെ ഏറ്റുമുട്ടലിലൂടെ പിടികൂടി യുപി പൊലീസ്

ഏറ്റുമുട്ടലിൽ പ്രതികളിലൊരാൾക്ക് കാലിൽ വെടിയേറ്റു

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശ്: ബൽറാംപൂരിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. 21കാരിയായ പെൺകുട്ടിക്കാണ് ദുരവസ്ഥ. കേസിലെ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതികളെ പിടികൂടിയത്. ഏറ്റുമുട്ടലിൽ പ്രതികളിലൊരാൾക്ക് കാലിൽ വെടിയേറ്റു.

തിങ്കളാഴ്ച വൈകീട്ടാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. മാതൃസഹോദരന്റെ വീട്ടിൽ നിന്നും മടങ്ങവെ പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ പിന്തുടർന്നിരുന്നു. പിന്നാലെ വീടിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചു. പെൺകുട്ടിയെ പ്രതികളായ മനോജ് യാദവ്, അനിൽ വർമ എന്നിവർ ബൈക്കിൽ പിന്തുടർന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ്‌പിയുടെ വസതിയിൽ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അമ്മാവന്റെ വീട്ടിൽ നിന്ന് തിരിച്ച് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാഞ്ഞതോടെയാണ് സഹോദരൻ അടക്കമുള്ളവർ അന്വേഷണം ആരംഭിച്ചത്. തുടർന്ന് പൊലീസിലും വിവരം അറിയിച്ചു. ഇതിനിടെ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരാണ് പീഡനം നടന്നതായി വ്യക്തമാക്കിയത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചു. ദൃശ്യങ്ങളിൽ കാണുന്ന വ്യക്തികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനിടെ പ്രതികളെ തിരിച്ചറിഞ്ഞത്. പൊലീസ് വളഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഏറ്റുമുട്ടലിലൂടെ പിടികൂടി.

ഓപ്പറേഷൻ ത്രിനേത്ര എന്ന പേരിൽ ഉത്തർപ്രദേശിൽ നിരീക്ഷണത്തിനായി വ്യാപകമായി സിസിടിവികൾ സ്ഥാപിച്ചിരുന്നു. പെൺകുട്ടി അതിക്രമത്തിന് ഇരയായ മേഖലയിലും സിസിടിവി സ്ഥാപിച്ചിരുന്നെങ്കിലും നാലെണ്ണവും പ്രവർത്തന രഹിതമാണന്ന് നാട്ടുകാർ ആരോപിച്ചു. വിവിധ കേസുകളിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ ഉത്തർപ്രദേശ് പൊലീസ് പിടികൂടുന്നതും വിമർശനത്തിന് വിധേയമായിട്ടുണ്ട്.

SCROLL FOR NEXT