വിയന്ന: പന്ത്രണ്ട് വയസുള്ള മകളെ രോഗിയുടെ തലയോട്ടിയില്‍ ഡ്രില്‍ ഉപയോഗിച്ച് ദ്വാരമുണ്ടാക്കാന്‍ അനുവദിച്ചെന്ന ആരോപണത്തില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണം. ഓസ്ട്രിയയിലാണ് സംഭവം. 2024 ലാണ് സംഭവം.
ഓപ്പറേഷന്‍ തിയേറ്ററില്‍ മകളെയും കൂട്ടിയ ഡോക്ടര്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ തലയോട്ടിയില്‍ ദ്വാരമുണ്ടാക്കി പരിശോധന നടത്താന്‍ അനുവദിച്ചുവെന്നുമാണ് കേസ്. ഓസ്ട്രിയയിലെ ഗ്രാസ് റീജിയണല്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് ഓസ്ട്രിയന്‍ പത്രമായ കുറിയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2024 ജനുവരിയിലാണ് ഗുരുതരമായ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ കര്‍ഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ രോഗിയുടെ തലച്ചോറിന് പരിക്കേറ്റിരുന്നു. 33 കാരനായ രോഗിയെ രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. സീനിയര്‍ ഫിസീഷ്യനും ട്രെയിനി ന്യൂറോ സര്‍ജനുമായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്കിടയില്‍ സീനിയര്‍ ഡോക്ടര്‍ അയാളുടെ 12 വയസുള്ള മകളേയും ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റി. ശസ്ത്രക്രിയ കഴിയാറായപ്പോള്‍ രോഗിയുടെ തലയോട്ടിയില്‍ ഡ്രില്‍ ഉപയോഗിച്ച് ദ്വാരമിട്ട് പരിശോധന നടത്താന്‍ ഡോക്ടര്‍ മകളെ അനുവദിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഇതിനു ശേഷം മകള്‍ അവളുടെ ആദ്യ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയെന്ന് ഡോക്ടര്‍ നഴ്‌സുമാരോട് വീമ്പ് പറഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നു. ഡോക്ടര്‍ക്കെതിരെ നിരവധി പേര്‍ പരാതിയുമായി എത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ ആരോപണം ഡോക്ടര്‍ നിഷേധിച്ചു. നഴ്‌സുമാരോട് കള്ളം പറഞ്ഞതാണെന്നും മകളെ കുറിച്ച് അനാവശ്യ പൊങ്ങച്ചം പറഞ്ഞതാണെന്നുമാണ് ഡോക്ടറുടെ വിശദീകരണം. എന്നാല്‍, ഡോക്ടറുടെ മകള്‍ തന്നെ സഹായിച്ചിരുന്നതായി ജൂനിയര്‍ ഡോക്ടര്‍ സമ്മതിച്ചിട്ടുണ്ട്. നിലവില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.