പ്രതീകാത്മക ചിത്രം Image: freepik
CRIME

വീടിനുള്ളില്‍ അതിക്രമിച്ചു കയറി, യുവതിയുടെ രക്തമെടുത്തു; ചൈനീസ് യുവാവിന് രണ്ട് വര്‍ഷം തടവ് ശിക്ഷ

മറ്റുള്ളവര്‍ അറിയാതെ അവരുടെ രക്തമെടുക്കുമ്പോള്‍ തനിക്ക് മാനസിക സംതൃപ്തി ലഭിക്കുമെന്നായിരുന്നു ഇയാളുടെ വാദം

Author : ന്യൂസ് ഡെസ്ക്

ബിജിങ്: യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, മയക്കിയതിനു ശേഷം രക്തമെടുത്ത സംഭവത്തില്‍ ചൈനയിലെ യുവാവിന് രണ്ട് വര്‍ഷം തടവ് ശിക്ഷ. ലി എന്ന് പേരുള്ളയാളാണ് സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വിചിത്രമായ രീതിയില്‍ പെരുമാറിയത്.

മറ്റൊരു മനുഷ്യന്റെ രക്തം ശേഖരിച്ചത് സ്വന്തം 'സമ്മര്‍ദം കുറക്കാന്‍' ആണ് എന്നായിരുന്നു ഇയാളുടെ വാദം. 2024 ജനുവരി ഒന്നിനായിരുന്നു സംഭവം നടന്നത്. ജിയാങ്സു പ്രവിശ്യയിലെ യാങ്ഷൗവിലുണ്ടായ സംഭവം സോഷ്യല്‍മീഡിയയിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ജനങ്ങള്‍ക്കിടയില്‍ സുരക്ഷാ ഭീതിയുണ്ടാക്കിയതായും സൗത്ത് ചൈന മോണങ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാത്രി സ്വന്തം വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ലീ അതിക്രമിച്ചു കയറിയത്. പിന്നീട് മയക്കുമരുന്ന് ശ്വസിപ്പിച്ച് ബോധരഹിതയാക്കി. ഇതിനു ശേഷമാണ് യുവതിയുടെ കയ്യില്‍ നിന്ന് രക്തം ഊറ്റിയെടുത്തത്. യുവതിയുടെ ഭര്‍ത്താവ് അപ്രതീക്ഷിതമായി വീട്ടിലേക്ക് എത്തിയതോടെയാണ് ലീയുടെ പദ്ധതി വിജയിക്കാതെ പോയത്. ലീയെ കയ്യില്‍ കിട്ടിയെ കെറ്റില്‍ കൊണ്ട് അടിച്ചു വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു.

പിന്നാലെ ബോധം വന്ന സ്ത്രീയുടെ കയ്യില്‍ സൂചി കൊണ്ട് കുത്തിയതിന്റെ പാടുള്‍പ്പെടെ കണ്ടെത്തിയിരുന്നു. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ വീട്ടില്‍ നിന്നും ബോധംകെടുത്താന്‍ ഉപയോഗിച്ച തുണി കണ്ടെത്തി.

പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തപ്പോഴാണ് ആക്രമിക്കാനുണ്ടായ വിചിത്രമായ കാരണം ലീ വെളിപ്പെടുത്തിയത്. മറ്റുള്ളവര്‍ അറിയാതെ അവരുടെ രക്തമെടുക്കുമ്പോള്‍ തനിക്ക് മാനസിക സംതൃപ്തി ലഭിക്കുമെന്നും സ്‌ട്രെസ് റിലീഫ് ആയാണ് ഇങ്ങെ ചെയ്യുന്നത് എന്നുമായിരുന്നു വിചാരണ വേളയില്‍ ഇയാള്‍ കോടതിയില്‍ പറഞ്ഞത്.

മറ്റുള്ളവരുടെ വീട്ടില്‍ ഒളിച്ചു കയറുന്നതിലൂടെയും തനിക്ക് മാനസിക സംതൃപ്തി ലഭിക്കുമെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. ബലാത്സംഗം, മോഷണം, അതിക്രമിച്ചു കയറല്‍ എന്നിവയ്ക്ക് മുമ്പും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നതായി കോടതി കണ്ടെത്തി.

SCROLL FOR NEXT