
ബെംഗളൂരുവിലെ സുദ്ദഗുന്തപാല്യയില്‍ 27 കാരിയായ യുവതിയുടെ മരണത്തില്‍ പൊലീസില്‍ പരാതി നല്‍കി കുടുംബം. ഭര്‍തൃവീട്ടുകാരുടെ സ്ത്രീധനം ചോദിച്ചുകൊണ്ടുള്ള പീഡനത്തിന് പിന്നാലെയാണ് മകളുടെ ആത്മഹത്യയെന്നാണ് വീട്ടുകാരുടെ പരാതി.
മുന്‍ സോഫ്റ്റ് വെയര്‍ പ്രൊഫഷല്‍ ആയ പ്രവണ്‍ ആണ് ശില്‍പയുടെ ഭര്‍ത്താവ്. രണ്ടര വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഒന്നര വയസുള്ള മകനുമുണ്ട്. പ്രവീണ്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ജോലി വിട്ട് ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസ് ആരംഭിക്കുകയായിരുന്നു.
വിവാഹ സമയത്ത് പ്രവീണിന്റെ കുടുംബം 15 ലക്ഷം രൂപയും 150 ഗ്രാം സ്വര്‍ണാഭരണങ്ങളും, വീട്ടുസാധനങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്നാണ് ശില്‍പയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശില്‍പയെ ഭര്‍തൃവീട്ടുകാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ശില്‍പയുടെ മാതാപിതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നു.
നിറത്തിന്റെ പേരിലും ശില്‍പയെ കുടുംബം മോശമായി പെരുമാറിയിരുന്നെന്നും ആരോപണമുണ്ട്. ഇരുനിറമാണെന്നും തന്റെ മകന് യോജിച്ചതല്ലെന്നും പ്രവീണിന്റെ മാതാപിതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഇതിനേക്കാള്‍ നല്ല പെണ്‍കുട്ടിയെ തങ്ങളുടെ മകന് കിട്ടുമെന്നും പ്രവീണിന്റെ അമ്മ പറഞ്ഞതായും ശില്‍പയുടെ കുടുംബം ആരോപിക്കുന്നു.
ആറ് മാസങ്ങള്‍ക്ക് മുമ്പ് പ്രവീണിന്റെകുടുംബം ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ അഞ്ച് ലക്ഷം രൂപ ചോദിച്ചെന്നും അത് നല്‍കിയെന്നും ശില്‍പയുടെ കുടുംബം പറയുന്നു. സംഭവത്തില്‍ സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കി.