ഭക്ഷണത്തിൽ സയനൈഡ് കലർത്തി ബന്ധുക്കളെ കൊന്ന, കൂടത്തായി കേസ് ആരും മറന്നിട്ടില്ല. ഇതുപോലൊരു കേസ് ഓസ്ട്രേലിയയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിന്റെ ന്യൂസ് റിപ്പോർട്ടുകളും പോഡ് കാസ്റ്റുകളും വൻ വൈറലായിരുന്നു. 2023 ജൂലൈ 29 ന് നടന്ന കൊലപാതകം ബീഫ് വെല്ലിങ്ടൺ കേസ് എന്നാണ് അറിയപ്പെടുന്നത്. ആ കേസിലെ പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുകയാണിപ്പോൾ കോടതി.
രണ്ട് കുട്ടികളുടെ അമ്മയായ 50 വയസുകാരി എറിൻ പാറ്റേഴ്‌സൺ വേർപിരിഞ്ഞ് താമസിക്കുന്ന ഭർത്താവിനേയും മാതാപിതാക്കളേയും ഉറ്റ ബന്ധുക്കളേയും ഒരു വിരുന്നിന് വിളിച്ചു. എല്ലാവരുമായും ഒത്തുചേർന്ന് പോകാനാഗ്രഹമുണ്ടെന്ന് എറിൻ പറഞ്ഞു. 2023 ജൂലൈ 29 ന് അവരെല്ലാവരും സന്തോഷത്തോടെ വന്നു. ഭർത്താവ് മാത്രം അവസാനനിമിഷം വിരുന്നിനെത്തിയില്ല. ഭർത്താവിന്റെ അച്ഛനും അമ്മയും അമ്മാവനും ഭാര്യയും എത്തി. സുഭിക്ഷമായി ഭക്ഷണം കഴിച്ച് എല്ലാവരും സ്നേഹത്തോടെ യാത്ര പറഞ്ഞ് പിരിഞ്ഞു.
ബീഫ് വെല്ലിംഗ്ടൺ എന്ന സ്പെഷലായിരുന്നു എറിൻ ഉണ്ടാക്കിയ ഭക്ഷണത്തിൽ പ്രധാനം. ദിവസങ്ങൾക്കകം ഭർത്താവിന്റെ അച്ഛനും അമ്മയും അമ്മായിയും മരിച്ചു. അമ്മാവൻ കോമ അവസ്ഥയിലുമായി. അമാനിറ്റ ഫാലോയിഡ്സ് എന്ന കൂൺ ഉള്ളിൽ ചെന്നതാണ് മരണകാരണം എന്ന് പൊലീസ് കണ്ടെത്തി. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് എറിൻ പറഞ്ഞെങ്കിലും പൊലീസ് അത് കൊലപാതകമാണെന്ന് കണ്ടെത്തി.
'ഡെത്ത് ക്യാപ് കൂൺ' എന്ന് വിളിപ്പേരുള്ള ലോകത്തിലെ അപകടകരമായ വിഷമുള്ള കൂൺ, കറിയിൽ ചേർത്ത് നടത്തിയ കൊലപാതകം. കേസ് ഓസ്ട്രേലിയയെ ഞെട്ടിക്കുകയും ചെയ്തു. മൂന്ന് കൊലപാതകകുറ്റം. ഒരു കൊലപാതക ശ്രമം. കേസിലെ പ്രതി എറിൻ പാറ്റേഴ്സൻ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുകയാണ് കോടതി. ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ വലിയ പ്രധാന്യത്തോടെയാണ് ഈ കേസിലെ ഓരോ വാർത്തയും നൽകിയത്. കാരണം, സംഭവത്തിലെ അപൂർവത തന്നെ.
കേസിലെ വിചാരണ കാലയളവും വാദിച്ച രീതികളും കൗതുകമുണ്ടാക്കുന്നതാണ്. വിഷാംശം കൂടുതലുള്ള കൂൺ വളർത്തിയെടുത്തതാണ് പ്രതി. സംശയം തോന്നാതിരിക്കാൻ സാധാരണ കറി വെക്കാറുള്ള കൂൺ മേടിച്ച് തെളിവുണ്ടാക്കി. വിഷക്കൂൺ ഉണക്കാനുള്ള ഡീഹൈഡ്രേറ്റർ മേടിച്ചു, പക്ഷേ അത് മറ്റെവിടെയോ ഉപേക്ഷിച്ചത് തുമ്പായി, കേസിൽ. കൂണുകളുടെയും ഡീഹൈഡ്രേറ്ററിന്റെയും സെർച്ച് ഹിസ്റ്ററി ഇല്ലാതാക്കാൻ ഫോൺ റീസെറ്റ് ചെയ്തതും പൊലീസ് കണ്ടെത്തി.
മെൽബണിലെ ഒരു ഏഷ്യൻ പലചരക്ക് കടയിൽ നിന്ന് വാങ്ങിയ കൂണുകൾ താനും കുട്ടികളും കഴിച്ചെന്നും തനിക്കും അസ്വസ്ഥത അനുഭവപ്പെട്ടെന്നും പ്രതിഭാഗം വാദിച്ചു. പക്ഷേ അത്, വിശ്വാസ്യത ജനിപ്പിക്കാൻ പ്രതി ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തി. വിക്ടോറിയയിലെ ലിയൺഗാഥ കൗണ്ടിയിലാണ് സംഭവം. ലാട്രോബ് വാലി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. മെൽബണിൽ നിന്ന് 135 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. 12 അംഗ ജൂറിയാണ് കേസിൽ വിധി പറഞ്ഞത്. ശിക്ഷ ഉടനെ വിധിക്കും.