Source: News Malayalam 24X7
CRIME

എലത്തൂർ കൊലപാതകം: വൈശാഖൻ ലക്ഷ്യമിട്ടത് രണ്ടു യുവതികളെ; കൊല്ലപ്പെട്ട ഇരുപത്തിയാറുകാരിയുടെ ഡയറിയിലെ നിർണായക വിവരങ്ങൾ പുറത്ത്

വിവാഹിതനായ ശേഷം വൈശാഖൻ ഭാര്യയുടെ ബന്ധുക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: എലത്തൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ വൈശാഖന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നതായും ഈ ബന്ധമറിഞ്ഞ ശേഷം നടന്ന കലഹമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും കണ്ടെത്തൽ. ഭാര്യയുടെ അടുത്ത ബന്ധുവായ യുവതിക്ക് പുറമെ മറ്റൊരു യുവതിയെയും ഇയാൾ കെണിയിൽപ്പെടുത്താൻ ശ്രമിച്ചെന്ന് പൊലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ഈ വിഷയങ്ങൾ കൊല്ലപ്പെട്ട ഇരുപത്തിയാറുകാരി ഡയറിയിൽ എഴുതിയിരുന്നതായി പൊലീസ് അറിയിച്ചു.

രമ്യതയിലെത്താൻ വൈശാഖൻ ജില്ലക്ക് പുറത്തുള്ള പല ക്ഷേത്രങ്ങളിലും പൂജ നടത്തിയിരുന്നതായും അന്വേഷണത്തിൽ മനസിലായി. വിവാഹിതനായ ശേഷം വൈശാഖൻ ഭാര്യയുടെ ബന്ധുക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇതിന്റെ മറവിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 10 വർഷം മുമ്പ് അടുക്കുന്നത്. പതിനാറാം വയസിൽ തന്നെ പെൺകുട്ടിക്ക് പല തരത്തിലുള്ള വാഗ്‌ദാനം നൽകി വൈശാഖൻ പീഡിപ്പിക്കാൻ തുടങ്ങി.

തടമ്പാട്ടുതാഴത്തെ വീട്ടിൽ വച്ചാണ് ആദ്യമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അശ്ലീല വീഡിയോയും ക്യാമറയിൽ പകർത്തി. പിന്നീട്, ഇവ തന്റെ കമ്പ്യൂട്ടറിലേക്കും മാറ്റി. ഈ ഹാർഡ് ഡിസ്ക് വൈശാഖന്റെ വീട്ടിൽ നിന്ന് സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയായ ശേഷവും പലവട്ടം പെൺകുട്ടിയെ പീഡിപ്പിച്ചതായും വൈശാഖൻ മൊഴി നൽകിയിട്ടുണ്ട്. അതിനിടെയാണ് വൈശാഖൻ ഭാര്യയുടെ അടുത്ത ബന്ധുവായ മറ്റൊരു പെൺകുട്ടിയെയും ലക്ഷ്യമിട്ടത്.

ജീവന് അപായമുണ്ടെന്ന് കാണിച്ച് യുവതി കല്ലായിലെ കൗൺസിലിങ് സെൻ്ററിലേക്ക് ജനുവരി 24ന് സന്ദേശം അയച്ചെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. കൊല്ലപ്പെടുന്ന ദിവസമായിരുന്നു എഴുതിവച്ച ഡയറിയുടെ പകർപ്പ് കൗൺസിലിങ് നടത്തിയാൾക്ക് വാട്സ്‌സാപ്പ് ചെയ്തത്. ജനുവരി 20,22 തീയതികളിൽ കോഴിക്കോട് കല്ലായിലുള്ള കൗൺസിൽ സെൻ്ററിൽ പ്രതി വൈശാഖനും യുവതിയും കൗൺസിൽ എത്തിയിരുന്നു. 27നാണ് അടുത്ത കൗൺസിലിങ് നിശ്ചയിച്ചിരുന്നത്.

ഈ മാസം 24നാണ് യുവതിയെ എലത്തൂരിലെ വർക്ക് ഷോപ്പിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വൈശാഖൻ്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പാണിത്. വർഷങ്ങളായി വൈശാഖനും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അടുത്ത കാലത്ത് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതി ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് വൈശാഖൻ യുവതിയെ വർക്ക് ഷോപ്പിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രണ്ടുപേർക്കും മരിക്കാനായി കുരുക്ക് തയ്യാറാക്കിയ വൈശാഖൻ യുവതി കഴുത്തിൽ കുരുക്കിട്ടയുടൻ സ്റ്റൂൾ തട്ടി മാറ്റി. മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് കടന്നുകള‍ഞ്ഞെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

SCROLL FOR NEXT