കോഴിക്കോട്: എലത്തൂർ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജീവന് അപായമുണ്ടെന്ന് കാണിച്ച് യുവതി കല്ലായിലെ കൗൺസിലിങ് സെൻ്ററിലേക്ക് ജനുവരി 24ന് സന്ദേശം അയച്ചെന്ന വിവരമാണ് പുറത്തുവന്നത്. കൊല്ലപ്പെടുന്ന ദിവസമായിരുന്നു എഴുതിവച്ച ഡയറിയുടെ പകർപ്പ് കൗൺസിലിങ് നടത്തിയാൾക്ക് വാട്സ്‌സാപ്പ് ചെയ്തത്. ജനുവരി 20,22 തീയതികളിൽ കോഴിക്കോട് കല്ലായിലുള്ള കൗൺസിൽ സെൻ്ററിൽ പ്രതി വൈശാഖനും യുവതിയും കൗൺസിൽ എത്തിയിരുന്നു. 27നാണ് അടുത്ത കൗൺസിലിങ് നിശ്ചയിച്ചിരുന്നത്.
ഈ മാസം 24നാണ് യുവതിയെ എലത്തൂരിലെ വർക്ക് ഷോപ്പിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വൈശാഖൻ്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പാണിത്. വർഷങ്ങളായി വൈശാഖനും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചെറിയ പ്രായം മുതൽ തന്നെ വൈശാഖൻ ഈ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.
അടുത്ത കാലത്ത് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതി ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് വൈശാഖൻ യുവതിയെ വർക്ക് ഷോപ്പിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രണ്ടുപേർക്കും മരിക്കാനായി കുരുക്ക് തയ്യാറാക്കിയ വൈശാഖൻ യുവതി കഴുത്തിൽ കുരുക്കിട്ടയുടൻ സ്റ്റൂൾ തട്ടി മാറ്റി. മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു.
യുവതിയുമായുള്ള ബന്ധം പുറത്തറിയും എന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. യുവതി മരിച്ചത് ബന്ധുക്കളെ അറിയിച്ചതും ആശുപത്രിയിൽ കൊണ്ടുപോയതും വൈശാഖൻ തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി. രണ്ട് പേരും ഒരുമിച്ച് ജീവനൊടുക്കാമെന്നാണ് കരുതിയിരുന്നത്. കൊലപാതകമല്ല , ജീവനൊടുക്കുകയായിരുന്നു. താനും മരിക്കണമെന്ന് കരുതിയിരുന്നു. ഭാര്യയോട് കാര്യങ്ങൾ പറഞ്ഞിരുന്നു. കുറ്റകൃത്യം നടത്തിയത് ഭാര്യക്ക് അറിയാം എന്നും, തനിക്ക് കുറ്റബോധം ഉണ്ടെന്നും വൈശാഖൻ പറഞ്ഞു.