ഗുരുതരമായി പരിക്കേറ്റ രത്നമ്മ Source: News Malayalam 24x7
CRIME

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി സ്വർണമാല കവർന്നു; പ്രതിക്കായി തെരച്ചിൽ ഊർജിതം

ഇതരസംസ്ഥാന തൊഴിലാളിയാകാം പ്രതിയെന്ന സംശയത്തിലാണ് പൊലീസ്

Author : ന്യൂസ് ഡെസ്ക്

കോട്ടയം: നഗരമധ്യത്തിൽ വയോധികയെ തലക്കടിച്ച് വീഴ്ത്തി, മാല കവർന്ന പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാഗമ്പടം പനയക്കഴിപ്പ് റോഡിൽ പെട്ടിക്കട നടത്തുന്ന അറുപത്തിമൂന്നുകാരിയായ രത്നമ്മയുടെ രണ്ടുപവൻ മാലയാണ് അക്രമി കവർന്നത്. നിലവിളക്കുകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം സ്വർണമാലയുമായി കടന്നത് ഇതരസംസ്ഥാന തൊഴിലാളിയാകാമെന്ന സംശയത്തിലാണ് പൊലീസ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ്, രത്നമ്മയുടെ പെട്ടിക്കടയിലേക്ക് ഒരാൾ അതിക്രമിച്ച് കയറിയത്. കടയിൽ മറ്റ് ജോലികളിൽ ഏർപ്പെട്ടിരുന്ന രത്നമ്മ ആളനക്കം കേട്ട് തിരിഞ്ഞുനോക്കിയതും കടക്കുള്ളിൽ കയറിയ ആൾ ആക്രമിച്ചു. കടയിൽ തന്നെയുണ്ടായിരുന്ന നിലവിളക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. അടിയുടെ ശക്തിയിൽ നിലവിളക്ക് തകർന്നു.

മാല പൊട്ടിക്കാനുള്ള ശ്രമം രത്നമ്മ തടഞ്ഞു. ചെറുത്തതോടെ അക്രമി കടയിലുണ്ടായിരുന്ന കട്ടിയുള്ള പാത്രമുപയോഗിച്ച് വീണ്ടും ആക്രമിച്ചു. കടയിലും, സമീപത്തും ആളൊഴിഞ്ഞ സമയത്തായിരുന്നു ആക്രമണം. കോട്ടയം നഗരത്തിനുള്ളിലാണെങ്കിലും അധികം ആൾ സഞ്ചാരമില്ലാത്ത സ്ഥലമാണ്. അതുകൊണ്ട് കൂടിയാകും പ്രതി ഈ സ്ഥലം തെരഞ്ഞെടുത്തതും.

രത്നമ്മയുടെ നിലവിളി കേട്ട് പ്രദേശവാസികൾ എത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. രത്നമ്മയുടെ തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. തലയിൽ തുന്നലും കൈയ്ക്ക് പൊട്ടലുമുണ്ട്. പ്രതി സാധനങ്ങൾ വാങ്ങാൻ മുൻപ് കടയിൽ വന്നിട്ടുണ്ടെന്ന് രത്നമ്മ പൊലീസിന് മൊഴി നൽകി.

പ്രദേശത്തെ സിസിടിവിയും അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിൽനിന്ന് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ പിടികൂടുമെന്നും കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു.

SCROLL FOR NEXT