കൊല്ലപ്പെട്ട കരൺ ദേവും ഭാര്യ സുഷ്മിതയും Image: X  
CRIME

'വേറെ വഴിയില്ലെങ്കില്‍ ഷോക്കടിപ്പിക്കൂ'; ബന്ധുവിനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

ഉറക്ക ഗുളിക നല്‍കിയതിനു ശേഷം ഭാര്യയാണ് കരണിനെ ഷോക്കടിപ്പിച്ച് കൊന്നത്

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: ഡല്‍ഹി ഉത്തം നഗറില്‍ യുവാവിന്റെ മരണത്തില്‍ വഴിത്തിരിവ്. വൈദ്യുതാഘാതമേറ്റുള്ള മരണമെന്ന് ആദ്യം കരുതിയ സംഭവത്തില്‍ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ചാറ്റ് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ജൂലൈ പതിമൂന്നിനാണ് കരണ്‍ ദേവ് (36) മരിച്ചത്. വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ കരണിനെ പുലര്‍ച്ചയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തില്‍ ബന്ധുക്കള്‍ക്കും സംശയമൊന്നും തോന്നിയിരുന്നില്ല. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടെന്നും കുടുംബം ആവശ്യപ്പെട്ടു.

എന്നാല്‍, അസ്വാഭാവിക മരണമായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമാണെന്ന് പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. കരണിന്റെ മരണത്തില്‍ ഭാര്യ സുഷ്മിതയ്ക്കും ബന്ധുവിനുമുള്ള പങ്ക് വെളിപ്പെടുന്നത് ദിവസങ്ങള്‍ക്കു ശേഷമാണ്. കരണിന്റെ ബന്ധുവായ രാഹുലും സുഷ്മിതയും തമ്മിലുള്ള ചാറ്റ് കണ്ടെത്തിയത് സഹോദരന്‍ കുണാല്‍ ദേവാണ്.

ഉറക്ക ഗുളിക നല്‍കിയതിനു ശേഷം ഭാര്യയാണ് കരണിനെ ഷോക്കടിപ്പിച്ച് കൊന്നതെന്നാണ് ചാറ്റില്‍ നിന്നും വ്യക്തമാകുന്നത്. രാഹുലുമായുള്ള ചാറ്റില്‍ ഗുളിക കഴിച്ച് എത്ര സമയത്തിനുള്ളിലാണ് മരിക്കുക എന്നാണ് സുഷ്മിത ചോദിക്കുന്നത്. ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂറായെന്നും ഇതുവരെ ഛര്‍ദിയോ മറ്റ് ലക്ഷണങ്ങളോ കാണിക്കുന്നില്ലെന്നും സുഷ്മിത രാഹുലിനോട് പറയുന്നുണ്ട്. ഇനിയെന്തു ചെയ്യും എന്ന ചോദ്യത്തിന് 'അവനെ ഷോക്കടിപ്പിക്കൂ' എന്നാണ് രാഹുല്‍ മറുപടി നല്‍കിയത്.

ഷോക്കടിപ്പിക്കാന്‍ എങ്ങനെയാണ് കെട്ടുക എന്ന് ചോദ്യത്തിന് ടാപ്പ് ഉപയോഗിക്കാനും രാഹുല്‍ മറുപടി നല്‍കുന്നു. കരണ്‍ വളരെ പതുക്കെയാണ് ശ്വാസമെടുക്കുന്നതെന്ന് സുഷ്മിത പറയുമ്പോള്‍ കയ്യിലുള്ള മുഴുവന്‍ മരുന്നും നല്‍കാനാണ് മറുപടി.

'എനിക്ക് അവന്റെ വായ തുറക്കാന്‍ പറ്റുന്നില്ല. വെള്ളം ഒഴിക്കാം, പക്ഷേ മരുന്ന് കൊടുക്കാന്‍ പറ്റില്ല. നീ ഇങ്ങോട്ട് വാ, നമുക്ക് ഒരുമിച്ച് അത് അവന് കൊടുക്കാന്‍ കഴിഞ്ഞേക്കും' എന്ന് സുഷ്മിത രാഹുലിനോട് പറയുന്നു.

സ്വാഭാവിക മരണമെന്ന് വിശ്വസിപ്പിക്കാനാണ് ഉറക്ക ഗുളിക നല്‍കി ഷോക്കടിപ്പിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു. ഇതിനായി വിരലിലാണ് വൈദ്യുതാഘാതമേല്‍പ്പിച്ചത്. മരണം ഉറപ്പു വരുത്തിയതിനു ശേഷം സമീപത്ത് താമസിക്കുന്ന കരണിന്റെ മാതാപിതാക്കളെ സുഷ്മിത വിവരം അറിയിച്ചു. കരണിനു ഷോക്കേറ്റതായാണ് അറിയിച്ചത്. മാതാപിതാക്കള്‍ ഓടിയെത്തിയാണ് കരണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആ സമയത്തേക്കും മരണം സംഭവിച്ചിരുന്നു.

ചോദ്യം ചെയ്യലില്‍ സുഷ്മിത കുറ്റം സമ്മതിച്ചു. കരണ്‍ ഉപദ്രവിച്ചിരുന്നതായും പണം ആവശ്യപ്പെട്ടിരുന്നതായുമാണ് സുഷ്മിത പൊലീസിനോട് പറഞ്ഞത്.

SCROLL FOR NEXT